
ലണ്ടൻ : ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ ചരിത്രത്തിന്റെ ഏടുകളിൽ ഇന്ന് ഒരു പക വീട്ടലിന്റെ മാധുര്യമാവും ഉണ്ടാവുക. നൂറ്റാണ്ടുകൾ യൂറോപ്യൻമാർ, പ്രത്യകിച്ച് ബ്രിട്ടീഷുകാർ കോളനിയാക്കി, സമ്പത്ത് കൊള്ളയടിച്ച്, കടൽകടന്ന് കൊണ്ടുപോയി പ്രൗഢിയിൽ എത്തിച്ച ബ്രിട്ടന്റെ ഭരണചക്രം ഇനി ഇന്ത്യൻ വംശജൻ നിയന്ത്രിക്കും. മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ പെന്നി മോർഡന്റ് പിൻമാറിയതോടെ ഇന്ത്യൻ വംശജൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. 42കാരനായ ഋഷി സുനകിന് പ്രധാനമന്ത്രി പദത്തിലേക്ക് ഏറുമ്പോൾ ഇന്ത്യക്കാരുടെ മനസിൽ ഒരു കണക്ക് ചോദിക്കലിന്റെ സുഖമാവും ഉണ്ടാവുക.
ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടവും ഋഷി സുനകിന് ലഭിക്കും. നിരവധി ഏഷ്യൻ രാജ്യങ്ങളിൽ കോളനി സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ സൂര്യനസ്തമിക്കാത്ത സാമ്യാജ്യത്തിന്റെ അധികാരം ഒരു ഏഷ്യക്കാരൻ കൈയാളുന്നു എന്ന ചിന്തയിൽ ഏഷ്യൻ രാജ്യങ്ങൾക്കും ഇത് സുദിനം തന്നെയാണ്. അതേസമയം ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇന്ന് കണക്ക് പറച്ചിലിന്റെ ദിനമാണ്. ഇന്ത്യ വംശജനെങ്കിലും ഇന്ത്യയിൽ നിന്നും ഋഷി സുനകിന്റെ പൂർവികർ നേരിട്ട് ബ്രിട്ടനിലേക്ക് കുടിയേറിയവരല്ല എന്നതാണ് കാരണം. പഞ്ചാബിൽ നിന്നുള്ള സുനക്കിന്റെ മുത്തശ്ശിമാർ കിഴക്കൻ ആഫ്രിക്കയിലേക്കാണ് ആദ്യം കുടിയേറിയത്, അവർ അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ഋഷി സുനകിന്റെ തെക്കൻ ഇംഗ്ലണ്ടിലെ സതാംപ്ടണിലേക്കും കുടിയേറിയത്. സുനകിന്റെ അച്ഛൻ നാഷണൽ ഹെൽത്ത് സർവീസിൽ ജനറൽ പ്രാക്ടീഷണറായും അമ്മ ഫാർമസിസ്റ്റായും ജോലി ചെയ്തു.
വാഴുമോ സുനക് ?
ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമ്പോൾ ഉയരുന്ന മറ്റൊരു ചോദ്യം ഈ കസേര അദ്ദേഹത്തിന് എത്രനാൾ ഉണ്ടാവും എന്നതാണ്. കാരണം കഴിഞ്ഞ ആറ് വർഷത്തിനിടെ ബ്രിട്ടനിൽ അഞ്ച് പ്രധാനമന്ത്രിമാർ വന്നുപോകേണ്ടി വന്നു. ഇതിൽ വർഷങ്ങൾ ഭരിച്ചവർ മുതൽ ദിവസങ്ങൾ മാത്രം പ്രധാനമന്ത്രി കസേരയിൽ ഇരുന്നവർ പോലുമുണ്ട്. ഇക്കാലയളവിലെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി എത്തുന്ന സുനകിന് ആത്മവിശ്വാസം പകരുന്നത് ഈ ചെറു പ്രായത്തിൽ അദ്ദേഹം വഹിച്ച സ്ഥാനങ്ങളാണ്, അത് നൽകുന്ന അനുഭവ പാഠങ്ങളും തുണയാകും എന്ന് ഉറപ്പാണ്.
1980 മെയ് 12 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജനിച്ച 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. യുകെയിലെ 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ റിച്ച്മണ്ടിൽ നിന്ന് സുനക് വിജയിച്ചു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ രണ്ടാം ടേമിൽ പാർലമെന്റ് അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2015 മുതൽ 2017 വരെ രണ്ട് വർഷക്കാലം ഊർജം, വ്യാവസായിക വകുപ്പിൽ പരിസ്ഥിതി, ഭക്ഷണം, ഗ്രാമകാര്യ സെലക്ട് കമ്മിറ്റി അംഗവും പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു ഋഷി സുനക്. പിന്നീട്, 2019 ൽ ബോറിസ് ജോൺസൺ സർക്കാരിന് കീഴിൽ ട്രഷറി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമായി കണക്കാക്കുന്ന ചാൻസലർ ഓഫ് ദി എക്സ്ചീക്കറായി സുനകിന് 2020ൽ സ്ഥാനക്കയറ്റം ലഭിച്ചു.