രണ്ടു ദശകക്കാലത്തോളം മലയാളത്തെ ചിരിപ്പിച്ചവരാണ് റാഫിമെക്കാർട്ടിൻ ടീം. പതിനൊന്ന് വർഷം മുമ്പ് ചെയ്ത 'ചൈനാടൗണി'നുശേഷം ഹിറ്റ് ജോടികൾ പിരിഞ്ഞു. റാഫി സംവിധാനത്തിലും അഭിനയത്തിലും സജീവമായി. പിന്നീട് മെക്കാർട്ടിനെക്കുറിച്ച് കേട്ടതേയില്ല. എന്തായിരിക്കാം സംവിധായകൻ മെക്കാർട്ടിന് സംഭവിച്ചത്?.

മെക്കാർട്ടിൻ
റാഫി മെക്കാർട്ടിൻ. ഒരുകാലത്ത് ചിരിയുടെ ചേർത്തുവെച്ച പേരായിരുന്നു ഈ ഇരട്ടസംവിധായകർ. പഞ്ചാബിഹൗസ്, തെങ്കാശിപ്പട്ടണം, ഹലോ, സൂപ്പർമാൻ, ചേട്ടൻബാവ അനിയൻ ബാവ, ആദ്യത്തെ കൺമണി, ദില്ലിവാല രാജകുമാരൻ, വൺമാൻഷോ, തിളക്കം, മായാവി...ഇവർ സൃഷ്ടിച്ച സൂപ്പർഹിറ്റുകളുടെ നിര നീളുകയാണ്. രണ്ട് ദശകക്കാലയളവിൽ റാഫിയും മെക്കാർട്ടിനും തൊടുത്തുവിട്ട ചിരിയലകൾ ട്രോളുകളായി തുടരുമ്പോഴും ഒരു ചോദ്യം അവശേഷിക്കുകയാണ്. ഇവരിൽ റാഫിയെ മാത്രമേ കാണാനുള്ളൂ. മെക്കാർട്ടിൻ എവിടെയാണ്? പതിനൊന്ന് വർഷം മുമ്പ് 'ചൈനാടൗണും"കഴിഞ്ഞ് പിരിഞ്ഞുപോയ ചെറുപ്പക്കാരനെ കഴിഞ്ഞദിവസം കണ്ടുമുട്ടിയത് എറണാകുളത്ത് വെച്ചാണ്.
''ഞാനെവിടെയും പോയിട്ടില്ല. ഇവിടെ ഈ കൊച്ചിയിൽതന്നെയുണ്ടായിരുന്നു. കുറച്ചുകാലം ഒന്നും എഴുതിയിട്ടില്ല എന്നത് നേരാണ്. തിരിഞ്ഞുനോക്കിയാൽ, എനിക്കുതന്നെ അറിയില്ല, എന്താണ് സംഭവിച്ചതെന്ന്. എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന് ഒരുപാടുപേർ ചോദിച്ചു. അതിനും ഉത്തരമില്ല. മനസ് കൊണ്ട് സെറ്റായില്ലെന്ന് വേണം പറയാൻ. പക്ഷേ ഇപ്പോൾ വീണ്ടും എഴുത്തിന്റെ വഴിയിലാണ്. രണ്ട് തിരക്കഥകൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഒരെണ്ണം ഫുൾകോമഡിയാണ്. ആക്ഷൻ ഓറിയന്റഡാണ് മറ്റൊന്ന്. രണ്ടും വേറെ വേറെ സംവിധായകർക്കുവേണ്ടിയാണ്. അത് കഴിഞ്ഞിട്ടുവേണം എനിക്ക് സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാൻ. എന്തായാലും അടുത്ത ജനുവരിയിൽ എന്നെ പ്രതീക്ഷിക്കാം.""
എഴുത്ത് മാത്രമല്ല, മാക്ടയുടെ ചെയർമാന്റെ തിരക്കുകൂടിയുണ്ട്, മെക്കാർട്ടിന്. അതിനിടയിലും അദ്ദേഹം ഏറെക്കാര്യങ്ങൾ 'കേരളകൗമുദി"യുമായി പങ്കുവെച്ചു.
അനിവാര്യമായ ഒരു വേർപിരിയൽ
ഞാനും റാഫിയുമൊന്നിച്ച് പത്ത് തിരക്കഥകളെഴുതി. പത്ത് സിനിമകൾ സംവിധാനം ചെയ്തു. ഭൂരിഭാഗവും സൂപ്പർഹിറ്റുകളായിരുന്നു. അതിനുശേഷമാണ് ഒരുമാറ്റം ഇരുവരും ആഗ്രഹിച്ചത്. 'ചൈനാടൗൺ" ആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയത്. പടം പ്രതീക്ഷിച്ചത്ര ഗുണം ചെയ്യാത്തതിൽ നിരാശയുണ്ടായിരുന്നു. മോഹൻലാലിന്റെയും ജയറാമിന്റെയും ദിലീപിന്റെയും ഡേറ്റുകൾ ഒന്നിച്ച് കിട്ടിയപ്പോഴാണ് ചൈനാടൗണിന് വേണ്ടി ഞങ്ങൾ എഴുതാനിരുന്നത്. ഒരു ഇംഗ്ലീഷ് സിനിമയുടെ സ്വാധീനമുണ്ടായിരുന്നു ആ സ്ക്രിപ്റ്റിന്. പക്ഷേ പിന്നീടാണറിഞ്ഞത് ആ ഇംഗ്ലീഷ് സിനിമയെ അവലംബിച്ച് വേറെയും സിനിമകൾ മലയാളത്തിൽ വരുന്നുണ്ടെന്ന്. അതോടെ പ്രൊജക്ട് ഡ്രോപ്പ് ചെയ്തു. സ്ക്രിപ്റ്റ് ഏകദേശം പൂർത്തിയാക്കിയതാണ്. ഷൂട്ടിംഗിന് 20 ദിവസം ബാക്കിയുള്ളപ്പോഴാണ് ഇങ്ങനെയൊരു പടം നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടത്. മൂന്നുപേരുടെയും ഡേറ്റുള്ളതിനാൽ പെട്ടെന്ന് ഒരു സിനിമ ചെയ്തേ പറ്റൂ. ഷൂട്ടിംഗ് നീട്ടിവെച്ചാൽ അവരെ ഒരുമിച്ച് കിട്ടില്ല. നിർബന്ധിതനായപ്പോഴാണ് പെട്ടെന്നുതന്നെ ഒരു സിനിമ ചെയ്തത്. അതാണ് ഇപ്പോൾ കാണുന്ന 'ചൈനാടൗൺ".
ആ സിനിമ കഴിഞ്ഞശേഷം ഞങ്ങൾക്കൊരു ഗ്യാപ്പ് വന്നു. പെട്ടെന്ന് ഒരു സിനിമ ചെയ്യാൻ എനിക്കൊട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. ചൈനാടൗണിന്റെ പരാജയവും ഒരു കാരണമാണ്. കുറച്ചുനാളത്തേക്കില്ല എന്നു പറഞ്ഞാണ് ഞാൻ മാറിയത്. ഒരു ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന് റാഫി പറഞ്ഞപ്പോൾ പിന്തുണയ്ക്കുയും ചെയ്തു. പിരിയാം എന്നുപോലും പരസ്പരം പറഞ്ഞിട്ടില്ല. അങ്ങനെയാണ് റാഫി ദിലീപിനെ വെച്ച് റിംഗ്മാസ്റ്ററിന്റെ വർക്കിലേക്ക് പോയത്. ഞാനാകട്ടെ വീട്ടിൽത്തന്നെയിരുന്നു.
ഇതിനിടയിൽ 'പഞ്ചാബിഹൗസി"ന്റെ രണ്ടാംഭാഗം ആലോചിച്ചതാണ്. പിന്നീടാവാം എന്നു ഞാൻ പറഞ്ഞു. രണ്ടാംഭാഗം ഏറ്റില്ലെങ്കിൽ പഞ്ചാബിഹൗസിന് ചീത്തപ്പേരുണ്ടാകും. മാത്രമല്ല, അന്നത്തെ താരങ്ങളിൽ ചിലർ മരിച്ചുപോയി കൊച്ചിൻഹനീഫിക്കയാണ് മെയിൻ. ഹരിശ്രീ അശോകനും ഇന്ദ്രൻസിനും അന്നത്തെ ഇമേജല്ല ഇപ്പോൾ. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. വേണമെങ്കിൽ അതുപോലെയുള്ള മറ്റൊരു കഥ ആലോചിക്കാം എന്നല്ലാതെ രണ്ടാംഭാഗം ആവശ്യമില്ല.പിന്നീട് 'ഹലോ മായാവി"എന്നൊരു പടം പ്ലാൻചെയ്തിരുന്നു. ഹലോയിലെ ലാലേട്ടനും മായാവിയിലെ മമ്മൂക്കയും ഒന്നിക്കുന്ന സിനിമ. അഭിനയിക്കാമെന്ന് ഇരുവരും സമ്മതിക്കുകയും ചെയ്തതാണ്. പ്രൊഡ്യൂസർമാരെയും കിട്ടി. പക്ഷെ ഇടയ്ക്കുവെച്ച് ഞങ്ങൾതന്നെ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വലിയൊരു ബാദ്ധ്യതയാവും ആ സിനിമയെന്ന തിരിച്ചറിവായിരുന്നു കാരണം.

റാഫിയും മെക്കാർട്ടിനും
സൂപ്പർ ഹിറ്റുകളുടെ വഴിയിൽ
എറണാകുളത്തെ റോസരി ബാബുവിന്റെ മിമിക്രി ട്രൂപ്പിൽവെച്ചായിരുന്നു സിദ്ധിഖ് ഇക്കയുടെ (സിദ്ധിഖ്ലാൽ)സഹോദരിയുടെ മകനായ റാഫിയെ കണ്ടുമുട്ടുന്നത്. ഇരുവരും ഒരേരീതിയിൽ ചിന്തിക്കാൻ തുടങ്ങിയപ്പോൾ അത് വലിയൊരു സൗഹൃദത്തിലേക്ക് നയിച്ചു. പിന്നീട് കലാഭവൻ ഹനീഫുമൊത്ത് മിമിക്രി ട്രൂപ്പുണ്ടാക്കി. കൊച്ചിൻ റിലാക്സ്. അതുകഴിഞ്ഞ് കലാഭവനിൽ. അവിടെ നിന്നാണ് ഒരുമിച്ച് തിരക്കഥയെഴുതാൻ തീരുമാനിച്ചത്. ഇതറിഞ്ഞപ്പോൾ നിർമ്മാതാവ് ഈരാളി ഞങ്ങളെ മദ്രാസിലേക്ക് കൊണ്ടുപോയി അദ്ദേഹത്തിന്റെ വീട്ടിൽ താമസിപ്പിച്ചു.സ്ക്രിപ്റ്റ് പൂർത്തിയാക്കിയെങ്കിലും സിനിമ നടന്നില്ല. സാമ്പത്തികപ്രശ്നമായിരുന്നു കാരണം. പടം നടക്കില്ലെന്ന ഘട്ടം വന്നപ്പോൾ സക്രിപ്റ്റ് മറ്റാർക്കെങ്കിലും കൊടുത്തോളാൻ ഈരാളി നിർദ്ദേശിച്ചു. നിർമ്മാതാവ് കെ.ടി.കുഞ്ഞുമോൻ ആ പടം നിർമ്മിക്കാൻ തയ്യാറായിരുന്നു. മിസ്റ്റർ ആന്റ് മിസിസ് എന്ന ആദ്യ തിരക്കഥ സിനിമയാവുന്നത് അങ്ങനെയാണ്. അതിനിടയ്ക്ക് സംവിധായകൻ കലാധരൻ ഒരുസ്ക്രിപ്റ്റ് ചോദിച്ചുവന്നു. അദ്ദേഹത്തിന് വേണ്ടി എഴുതിയതാണ് എല്ലാരും ചൊല്ലണ്. രണ്ട് സിനിമകൾ റിലീസായതോടെ അത്യാവശ്യം അറിയപ്പെട്ടുതുടങ്ങി. അടുത്ത സ്ക്രിപ്റ്റ് എഴുതാനായി ഞങ്ങൾ എറണാകുളം പോളക്കുളം ടൂറിസ്റ്റ് ഹോമിൽ സ്വന്തമായി ഒരു മുറിയെടുത്തു. ആരോടും പറയാതെ അവിടെയിരുന്നാണ് അനിയൻബാവ ചേട്ടൻബാവ എഴുതിയത്. രാജസേനൻ സംവിധാനം ചെയ്ത ആ സിനിമ സൂപ്പർഹിറ്റായി. അടുത്ത രണ്ട് സിനിമകളെഴുതിയതും രാജസേനന് വേണ്ടിയായിരുന്നു. 'ആദ്യത്തെ കൺമണി"യും 'ദില്ലിവാല രാജകുമാരനും" ഹിറ്റ്ചാർട്ടിൽ ഇടംപിടിച്ചു. അതോടെ ഞങ്ങളുടെ ജാതകം തെളിഞ്ഞു. ആ സമയത്തും ഞങ്ങൾക്കൊരു സങ്കടം ബാക്കിയുണ്ടായിരുന്നു. ആദ്യമായി സിനിമയിലെത്തിച്ച ഈരാളിക്കുവേണ്ടി ഒരു സിനിമ. ഒരിക്കൽ കണ്ടപ്പോൾ ഞാൻ പറഞ്ഞു.
''നിങ്ങൾക്ക് തികച്ചും ഫ്രീയായി ഒരു സിനിമ ചെയ്തുതരും.""
ഇതുവരെ കഴിഞ്ഞില്ലെങ്കിലും ആ വാക്ക് മനസിലുണ്ട്.
ഇടയ്ക്ക് ഞങ്ങൾ സിദ്ധിക്ക്ലാലിന്റെ സഹസംവിധായകരായും പ്രവർത്തിച്ചു. സംവിധാനത്തെക്കുറിച്ചും തിരക്കഥാരചനയെക്കുറിച്ചുമുള്ള വിലപ്പെട്ട പാഠങ്ങൾ പഠിക്കുന്നത് അവിടെ നിന്നാണ്. ഞങ്ങളുടെ തിരക്കഥ വായിച്ചശേഷം ഒരിക്കൽ കെ.ടി.കുഞ്ഞുമോൻ പറഞ്ഞു.
''ഷോട്ട് ബൈ ഷോട്ടായിട്ടാണ് നിങ്ങൾ തിരക്കഥയെഴുതുന്നത്. അതുകൊണ്ടുതന്നെ സംവിധാനം ചെയ്യാൻ എളുപ്പമാണ്. മറ്റൊരാളെ ഏൽപ്പിക്കാതെ, സ്വന്തമായി ചെയ്തുകൂടെ?""
രാജസേനനും ഇക്കാര്യം ആവർത്തിച്ചതോടെയാണ് സ്വന്തമായി സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. 'പുതുക്കോട്ടയിലെ പുതുമണവാളൻ" ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ഒരുപാട് സിനിമകൾ. സൂപ്പർഡ്യൂപ്പർ ഹിറ്റായി മാറിയ പഞ്ചാബിഹൗസാണ് സിനിമാജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ല്. അതെഴുതാനെടുത്തത് ഒരുവർഷമാണ്. തിരുത്തിയും ക്ലൈമാക്സ് മാറ്റിയും ഒരുപാട് വർക്കൗട്ട് ചെയ്തതിന് ഗുണമുണ്ടായി. സിനിമ മെഗാഹിറ്റ്.
തിരിച്ചുവരവിന്റെ വഴിയിൽ
രണ്ടുമൂന്നു വർഷം സിനിമയിൽനിന്നും അകന്നപ്പോൾ ഒരു ബന്ധവും ഇല്ലാതായി. കൊവിഡ് കാലത്ത് ഞാൻ പത്തോളം തിരക്കഥകളെഴുതിയിരുന്നു. ഫെസ്റ്റിവെൽ ടൈപ്പ് മൂവികളായിരുന്നു അതൊക്കെയും. ആരും പറയാത്ത കഥകൾ. മാറ്റിപ്പിടിക്കുന്നത് ശരിയാവില്ലെന്നാണ് മിക്കവരും പറഞ്ഞത്. അവർ പ്രതീക്ഷിക്കുന്നത് പഞ്ചാബിഹൗസിനെയും തെങ്കാശിപ്പട്ടണത്തെയും പോലുള്ള സിനിമകളാണ്. അങ്ങനെയാവുമ്പോൾ ഇനിയും ഹോംവർക്ക് ആവശ്യമാണ്. അതുകൊണ്ടാണ് പെട്ടെന്ന് ചെയ്യേണ്ടെന്ന് തീരുമാനിച്ചത്. ഇനി എന്തു ചെയ്താലും വിമർശനമുണ്ടാവും. പഴയകാല പടങ്ങൾ പോലെ ഉയർന്നില്ല എന്ന് പറയും. അതോടെ വീണ്ടും ഇടവേളകളുണ്ടായി.
അടുത്തകാലത്ത് ഒരു സുഹൃത്ത് പറഞ്ഞു.
''താങ്കളുടെ ആവശ്യം ഇപ്പോഴാണ്.നിങ്ങൾ മുമ്പ് ചെയ്തിരുന്നതുപോലുള്ള ചിത്രങ്ങളാണ് ജനം കാത്തിരിക്കുന്നത്.""
ഒന്നാലോചിച്ചപ്പോൾ അവർ പറയുന്നതും ശരിയാണ്. കാത്തിരിക്കുന്നവരെ നിരാശപ്പെടുത്തരുതെന്ന് തോന്നി. അതിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ.