missing-case-

ലക്നൗ : മുഖത്തും ശരീരത്തും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ജീവന് വേണ്ടി യാചിക്കുമ്പോൾ ചുറ്റും നിന്ന് ഫോണിൽ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ. യു പിയിലെ കനൗജിലാണ് ഈ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
പെൺകുട്ടി ജീവന് വേണ്ടി യാചിക്കുമ്പോൾ നിരവധി പുരുഷൻമാർ വീഡിയോ പകർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായ പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. വീട്ടിൽ നിന്നും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് ചോരയൊലിക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തലയിൽ ഉൾപ്പെടെ ഒന്നിലധികം ഭാഗങ്ങളിൽ മുറിവുകളുണ്ട്.

രക്തം പുരണ്ട കൈകൾ നീട്ടിയാണ് പെൺകുട്ടി ചുറ്റും കൂടിനിന്നവരോട് സഹായത്തിനായി കേഴുന്നത്. എന്നാൽ അവരാരും പെൺകുട്ടിയെ സഹായിക്കാൻ മുന്നോട്ട് വരുന്നില്ല. പുറത്ത് വന്ന വീഡിയോയിൽ ഒരാൾ പൊലീസിനെ അറിയിച്ചോ എന്ന് ചോദിക്കുന്നത് കേൾക്കാം, ഒരാൾ പൊലീസ് മേധാവിയുടെ നമ്പർ ചോദിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ വിവരം അറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുന്നത്.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പെൺകുട്ടിക്ക് എങ്ങനെയാണ് പരിക്കേറ്റതെന്ന് വ്യക്മല്ല, ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നും അറിവായിട്ടില്ല. സംഭവത്തിൽ പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.