university-exam-

കോപ്പിയടി തടയാനുള്ള പുതിയ മാർഗം പരീക്ഷിച്ചിരിക്കുകയാണ് ഫിലിപ്പീൻസിലെ ഒരു യൂണിവേഴ്സിറ്റി. അടുത്തിരുന്ന് പരീക്ഷ എഴുതുന്ന ആളിനെ കാണാനാവാത്തവിധം തൊപ്പികൾ ധരിക്കാനാണ് വിദ്യാർത്ഥികളോട് ലെഗാസ്പി സിറ്റിയിലെ ബകോൾ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അധികാരികൾ ആവശ്യപ്പെട്ടത്. തൊപ്പികൾ രൂപകൽപ്പന ചെയ്യുവാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്ക് നൽകുകയും ചെയ്തിരുന്നു.

തൊപ്പികൾ ഡിസൈൻ ചെയ്യാനുള്ള സ്വാതന്ത്ര്യം വിദ്യാർത്ഥികൾ ആവോളം ഉപയോഗിച്ചു എന്ന് പുറത്തു വന്ന ചിത്രങ്ങൾ കണ്ടാൽ മനസിലാവും. മിഡ്‌ടേം പരീക്ഷകളിലെ കോപ്പിയടി തടയാനായിരുന്നു ഈ മാർഗം. യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി അംഗം മേരി ജോയ് മന്ദാനെ ഓർട്ടിസാണ് വിചിത്രമായ ഈ ഐഡിയയ്ക്ക് പിന്നിൽ. ഇവർ ഒരു തായ് സർവ്വകലാശാലയിൽ നിന്നുമാണ് ഈ ആശയം കടംകൊണ്ടത്. തൊപ്പികൾ വച്ച് പരീക്ഷയെഴുതുന്നത് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഓർട്ടിസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രത്തിൽ ഹെൽമറ്റ് ധരിച്ച് പരീക്ഷ എഴുതുന്നവരെയും കാണാം. എന്നാൽ ഇതിനൊന്നും മിനക്കെടാതെ അടിവസ്ത്രം തലയിൽ ധരിച്ച് പരീക്ഷ എഴുതുന്ന വിരുതനും ചിത്രത്തിലുണ്ട്.