car

ഫ്ളാറ്റിലെ കാർ പാർക്കിംഗ് ഏരിയയിൽ വച്ച് കത്തി നശിച്ച ആഢംബര കാർ സ്‌കോഡ സ്ലാവിയയ്ക്ക് പകരമായി പുത്തൻ കാർ ഉടമയ്ക്ക് ലഭിച്ചു. കഴിഞ്ഞ ജൂണിലാണ് സ്‌കോഡ സ്ലാവിയ രാത്രിയിൽ പാർക്കിംഗ് ഏരിയയിൽ തീപിടിച്ച് നശിച്ചത്. കത്തിയ കാർ നാലായിരം കിലോമീറ്റർ മാത്രമാണ് ഓടിയത്. പുത്തൻ കാർ ലഭിച്ചെങ്കിലും ഇതിനായി ഉടമ അഭിഷേക് ഭാട്ടിയ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു. കാർ കത്തിയതിന്റെ വീഡിയോകളും പോസ്റ്റുകളും ഇന്റർനെറ്റിൽ വൈറലായതിന് ശേഷമാണ് സ്‌കോഡ അധികൃതർ നടപടിയെടുത്തത്.

ജൂൺ മാസത്തിലാണ് വാഹനം തീപിടിച്ചത്. രാത്രി 10 മണിയോടെ പാർക്ക് ചെയ്ത കാർ പുലർച്ചെ മൂന്ന് മണിയോടെയാണ് കത്തി നശിച്ചത്. കാറിനുള്ളിൽ ഒന്നിലധികം സ്‌ഫോടനങ്ങളുണ്ടായി. അഗ്നിശമന സേനാംഗങ്ങളെത്തിയാണ് തീയണച്ചത്. എന്നാൽ അപ്പോളേക്കും കാർ കത്തി നശിച്ചിരുന്നു. മാർച്ചിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്‌കോഡ ഇന്ത്യ സംഘവും വാഹനപരിശോധനയ്ക്ക് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടാനും ക്ലെയിം നേടാനാണ് കാർ കമ്പനി ആദ്യം ആവശ്യപ്പെട്ടത്. സ്‌കോഡ സ്ലാവിയയ്ക്ക് തീപിടിച്ചതായി രേഖപ്പെടുത്തിയ ഏക സംഭവമായിരുന്നു ഇത്. എന്നാൽ ഇൻഷുറൻസ് കന്പനിയുമായി ഏറെ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കന്പനി ഉടമയ്ക്ക് പുതുപുത്തൻ കാർ സമ്മാനിച്ചത്. റാപ്പിഡിന് പകരമായിട്ടാണ് സ്‌കോഡ സ്ലാവിയ കമ്പനി പുറത്തിറക്കുന്നത്. ഏറെ ജനപ്രിയമായ മോഡലാണ് ഇത്.