
രാജ്യത്തിന്റെ പ്രധാനമന്ത്രിക്കസേര 2014ൽ സ്വന്തമാക്കിയതിന് ശേഷമുള്ള ഓരോ ദീപാവലിയിലും പ്രധാനമന്ത്രി മോദി രാജ്യത്തെ ഏതെങ്കിലും സൈനിക യൂണിറ്റിലാവും ആഘോഷിക്കാൻ എത്തുക. ഇത്തവണയും ആ പതിവ് തെറ്റിയില്ല. ദീപാവലി ആഘോഷത്തിലേക്ക് രാജ്യം പ്രവേശിച്ചപ്പോൾ പ്രധാനമന്ത്രി എത്തിയത് ഉത്തർപ്രദേശിലെ അയോദ്ധ്യയിലെ രാമജന്മഭൂമിയിലായിരുന്നു. പ്രധാനമന്ത്രി മോദിയുടെ സാന്നിദ്ധ്യത്തിൽ, സരയൂ നദീതീരത്ത് 15 ലക്ഷം ദീപങ്ങൾ തെളിയിച്ചപ്പോൾ ക്ഷേത്രനഗരമായ അയോദ്ധ്യ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇതിന് ശേഷം മോദിയുടെ യാത്ര കാർഗിലിലേക്കായിരുന്നു.
ഒക്ടോബർ 24നാണ് മോദി കാർഗിലിൽ ഇന്ത്യൻ സൈനികരുമായി ദീപാവലി മധുരം പങ്കുവച്ചത്. ധീരരായ സൈനികർക്കൊപ്പം രാജ്യത്തിന്റെ പ്രധാന ഉത്സവം ആഘോഷിക്കുക എന്നത് വർഷങ്ങളായി മോദി പിന്തുടരുന്ന രീതിയാണ്. 2014 മുതൽ മോദിയുടെ ദീപാവലി ആഘോഷം എവിടെയായിരുന്നു എന്ന് അറിയാം.
2014
മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റ 2014 ദീപാവലി ആഘോഷത്തിനായി അദ്ദേഹം തിരഞ്ഞെടുത്തത് സിയാച്ചിനായിരുന്നു. അപ്രതീക്ഷിത സന്ദർശനത്തിൽ 'സിയാച്ചിൻ ഹിമാനിയുടെ മഞ്ഞുമൂടിയ ഉയരങ്ങളിൽ നിന്നും ധീരരായ ജവാൻമാർക്കും സായുധ സേനയിലെ ഉദ്യോഗസ്ഥർക്കും ഒപ്പം, നിങ്ങൾക്കെല്ലാവർക്കും ഞാൻ ദീപാവലി ആശംസകൾ നേരുന്നു,' എന്ന ട്വീറ്റ് വന്നപ്പോഴാണ് പ്രധാനമന്ത്രി സിയാച്ചിനിൽ എത്തിയ വിവരം രാജ്യവാസികൾ അറിയുന്നത്.
2015
2015ൽ പഞ്ചാബിലാണ് മോദി ദീപാവലി ആഘോഷിച്ചത്. ഇവിടെ മൂന്ന് സൈനിക സ്മരണ ഉണർത്തുന്ന സ്മാരകങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിച്ചു. 1965ലെ യുദ്ധത്തിൻെറ അമ്പത് വർഷം പൂർത്തിയാക്കിയ വേളയിൽ ഇന്ത്യൻ സൈന്യത്തിന്റെ വിജയ സ്മാരകങ്ങളായിരുന്നു അവ.
2016
2016ലെ ദീപാവലിയ്ക്ക് പ്രധാനമന്ത്രി മോദി ഹിമാചൽ പ്രദേശിലായിരുന്നു. ഇവിടെ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള സൈനികരുമായി കൂടിക്കാഴ്ച നടത്തി.
2017
2017ൽ വടക്കൻ കാശ്മീരിലെ ഗുരേസ് മേഖലയിലായിരുന്നു മോദി സന്ദർശനം നടത്തിയത്. ഡോഗ്ര സ്‌കൗട്ട്സ്, സൈന്യം, ഇന്തോടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
2018
2018ൽ പ്രധാനമന്ത്രി മോദി ഉത്തരാഖണ്ഡിലെ ഹർസിലിൽ ദീപാവലി ആഘോഷിച്ചു. മോദിയുടെ അപ്രതീക്ഷിത സന്ദർശനം സൈനികരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതിന് ശേഷം അദ്ദേഹം കേദാർനാഥ് ധാം സന്ദർശിച്ചു.
2019
2019ൽ മോദി ജമ്മു കാശ്മീരിലെ രജൗരിയിലാണ് സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചത്.
2020
കൊവിഡ് ബാധയിൽ രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോഴം മോദി തന്റെ പതിവ് തെറ്റിച്ചില്ല. 2020ൽ അദ്ദേഹം ലോംഗേവാല ബോർഡർ ക്രോസിംഗിലേക്ക് പോയാണ് സൈനികർക്ക് ദീപാവലി ആശംസ നേർന്നത്.
2021
2021ൽ ജമ്മു കശ്മീരിലെ നൗഷേരയിൽ വച്ചാണ് മോദി ദീപാവലി ആഘോഷിച്ചത്. ഇവിടെയുള്ള ധീരൻമാരായ സൈനികർക്കൊപ്പം ദീപാവലിക്ക് സമയം ചെലവഴിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി എന്ന നിലയിലല്ല സൈനികരുടെ കുടുംബത്തിലെ അംഗമെന്ന നിലയിലാണ് എത്തിയതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സൈനികർക്ക് പ്രചോദനമായി.