
കോട്ടയം: കളിയും, ചിരിയും പാട്ടുമൊക്കെയായി ഒരുമിച്ചൊരു വിനോദയാത്ര. കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കാണ് ജോലിയുടെ സമ്മർദ്ദവും, ടെൻഷനും മറക്കാൻ ഒരു ദിവസത്തെ യാത്ര ഒരുങ്ങിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ മനസിൽ വിരിഞ്ഞ ആശയമായിരുന്നു ഇത്.
ഗവൺമെന്റ് ഉദ്യോഗസ്ഥരിൽ ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ഒരു വിഭാഗം പൊലീസുകാരാണ്.അവരുടെ ജോലിയുടെ സ്വഭാവം കൊണ്ടും, സമയബന്ധിതമല്ലാത്ത ജോലികൊണ്ടും ആണ് ഈ വിഭാഗക്കാർ ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നത്. ഇത്തരത്തിലുള്ള മാനസിക സമ്മർദ്ദത്തിൽ നിന്നുള്ള മോചനം എന്ന നിലയ്ക്കാണ് ജില്ലാ പോലീസ് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് വിനോദത്തിനായി ഒരു ദിനം എന്ന നിലയിൽ ഉല്ലാസയാത്രയ്ക്കായി അനുമതി നൽകിയത്.
ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നായി നൂറോളം പൊലീസുദ്യോഗസ്ഥരാണ് ഇതിൽ പങ്കെടുത്തത് . ഇതിനായി തിരഞ്ഞെടുത്തതാകട്ടെ കുമരകം വേമ്പനാട്ടുകായലിലൂടെയുള്ള ബോട്ട് സഞ്ചാരം. രാവിലെ പുറപ്പെട്ട് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന തരത്തിലുള്ള ബോട്ടിംഗ് പ്രോഗ്രാമാണ് കുമരകത്ത് നടന്നത്. തിരക്കുള്ള ഡ്യൂട്ടി സമയക്രമവും, ഡ്യൂട്ടി സ്വഭാവവും ആയതിനാൽ നാളിതുവരെ ഇത്തരത്തിൽ ഒരു യാത്രയെക്കുറിച്ച് ആലോചിക്കുന്നതിനു പോലും പൊലീസ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.
ജീവിതത്തിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെച്ചപ്പോൾ തന്നെ പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാഗം അതിനായി നീക്കി വച്ചു കഴിഞ്ഞു. യാത്രയിൽ കളികളും,തമാശകളും പറയുകയും ചിലർ ഗാനങ്ങൾ ആലപിക്കുകയും, മിമിക്രിയും മറ്റു കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മറ്റുചിലരാകട്ടെ അവരുടെ സർവീസ് ജീവിതത്തിലെ അനുഭവങ്ങളെക്കുരിച്ച് വാചാലരാവുകയും ചെയ്തു. ഈ യാത്ര എല്ലാവർക്കും വേറിട്ട ഒരു അനുഭവമാണ് സമ്മാനിച്ചത്. തുടർന്നും ഇത്തരത്തിലുള്ള വിനോദങ്ങളിൽ ബാക്കിയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഘട്ടം ഘട്ടമായി നടത്താനും ജില്ലാ പോലീസ് ലക്ഷ്യമിടുന്നുണ്ട്.