bike-burn

ന്യൂഡൽഹി: സ്ത്രീയെ തുറുച്ചുനോക്കിയെന്ന പരാതിയിൽ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുവാവ് തന്റെ ബൈക്ക് കത്തിച്ചു. ഇതേത്തുടർന്ന് പിടികൂടാനെത്തിയ പൊലീസിനെ ഇയാൾ കല്ലെറിഞ്ഞു. സ്വകാര്യ ഫുഡ് ഡെലിവറി ആപ്പിൽ ജോലിചെയ്യുന്ന നദീമാണ് (23) കഴിഞ്ഞദിവസം ഡൽഹിയിലെ പോഷ് ഖാൻ മാർക്കറ്റിൽ പരിഭ്രാന്തി പടർത്തിയത്.നദീം ഞായറാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

ഈ സമയം ഇതുവവഴി പോയ ദമ്പതികളെ നദീം തുറിച്ചുനോക്കിയെന്നാണ് പരാതി. തന്നെ തുറിച്ചുനോക്കിയെന്നാരോപിച്ച് യുവതിയാണ് മാർക്കറ്റിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ പരാതി നൽകിയത്. രേഖാമൂലം പരാതി നൽകിയില്ലെങ്കിലും ഔട്ട്‌പോസ്റ്റിലെ പൊലീസുകാർ നദീമിനെ മർദ്ദിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇയാൾ ഹോട്ടലിന് മുന്നിലിരുന്ന ബൈക്ക് കത്തിച്ചത്.ഇരുചക്രവാഹനത്തിൽ നിന്ന് തീ സമീപത്തെ ഫർണിച്ചർ കടയിലേക്കും പടർന്നു. പൊലീസും ഫയർ ഫോഴ്സുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. നദീം പൊലീസിന് നേരെ കല്ലെറിയുന്നതും ബൈക്ക് കത്തിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്.