
വെള്ളപ്പൊക്കമുണ്ടാവുന്ന പ്രദേശങ്ങളിൽ വെള്ളത്തിൽ മുങ്ങി വാഹനങ്ങൾ നശിച്ച് പോയ സംഭവത്തിന് കേരളം ഉൾപ്പടെ സാക്ഷിയാണ്. എന്നാൽ ഇലക്ട്രിക് കാറുകൾക്കും വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ ബുദ്ധിമുട്ടാണെന്നാണ് അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ സ്റ്റാർട്ട് ചെയ്ത ഇലക്ട്രിക് കാറുകൾ തീപിടിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയോളം വെള്ളത്തിൽ മുങ്ങിയ കാറുകളാണ് തീപിടിച്ചത്.
ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ മുങ്ങിയ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ തീപിടിക്കുകയാണ്. ബാറ്ററി പാക്കിലെ സെല്ലുകൾ ഒരു ചെയിൻ റിയാക്ഷൻ പോലെ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുന്നതിനാൽ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങളും ദുഷ്‌കരമാണ്. ഇലക്ട്രിക് കാറുകൾ തീപിടിച്ചാൽ അണയ്ക്കുന്നതിനായി ധാരാളം വെള്ളവും ഫോമും ആവശ്യമാണ്. വെള്ളത്തിനടിയിലായാൽ ഇലക്ട്രിക് വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഇപ്പോൾ അധികൃതർ നൽകുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ കാർ ഗാരേജിൽ നിന്നും തള്ളിയിറക്കിയ ശേഷം വർക്ക് ഷോപ്പിലെത്തിച്ച് പരിശോധന നടത്തുന്നതാവും അഭികാമ്യം.
ഉപ്പിന്റെ അംശമുള്ള വെള്ളത്തിൽ മുങ്ങുന്നതാണ് ഇലക്ട്രിക് കാറുകൾ തീപിടിക്കാനുള്ള പ്രധാന കാരണം. ഈ വാഹനങ്ങളിലെ ലിഥിയംഅയൺ ബാറ്ററി പായ്ക്കുകൾ ജല പ്രതിരോധശേഷിയുള്ളവയാണ്. എന്നാൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയാൽ അത് കേടുവരാൻ സാദ്ധ്യതയുണ്ട്.