
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക്ക് അധികാരമേൽക്കുമ്പോൾ, സമ്പന്നയായ ഇദ്ദേഹത്തിന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങൾ തേടുന്നവർ നിരവധിയാണ്. അതേസമയം ഗൂഗിളിൽ സെർച്ച് ചെയ്യുന്ന നിരവധിയാളുകൾക്ക് അറിയേണ്ടത് അക്ഷത മൂർത്തി ബ്രിട്ടീഷ് പൗരത്വം നേടിയിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങളാണ്. ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിക്ക് ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ 721 ദശലക്ഷം ഡോളർ മൂല്യമുള്ള ഓഹരികളാണ് സ്വന്തമായിട്ടുള്ളത്. ഇതിന് പ്രധാന കാരണം അക്ഷതയുടെ പിതാവ് നാരായൺ മൂർത്തിയാണ് ഇൻഫോസിസ് എന്ന രാജ്യത്തിന് അഭിമാനമായ കമ്പനി സ്ഥാപിച്ചത് എന്നതാണ്.
ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പിൽ അമേരിക്കയിൽ എംബിഎയ്ക്ക് പഠിക്കുമ്പോഴാണ് അക്ഷതയും ഋഷി സുനക്കും കണ്ടുമുട്ടുന്നത്. തുടർന്ന് വിവാഹിതരാവുകയായിരുന്നു. എന്നാൽ ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടനിൽ രാഷ്ട്രീയത്തിൽ ശോഭിക്കുമ്പോഴും അക്ഷിത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിരുന്നില്ല. ഇതിനാൽ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് അക്ഷിത ബ്രിട്ടനിൽ നികുതി അടയ്ക്കുന്നുമില്ല. അക്ഷിതയുടെ നോൺഡോമിസൈൽ പദവി ബ്രിട്ടനിൽ വലിയ കോലാഹലത്തിന് കാരണമായിരുന്നു. എന്നാൽ യു കെയിൽ നിന്നും നേടുന്ന വരുമാനത്തിന് താൻ നികുതി അടയ്ക്കുന്നുണ്ടെന്ന മറുപടിയാണ് അക്ഷിത നൽകിയത്.
ഇൻഫോസിസ് ഓഹരികളുടെ ട്രേഡിംഗ് വിലയെ അടിസ്ഥാനമാക്കി വർഷം തോറും വലിയ തുകയാണ് അക്ഷിത സ്വന്തമാക്കുന്നത്. 2021-22 സാമ്പത്തിക വർഷം മുതൽ ഇൻഫോസിസ് ഒരു ഓഹരിക്ക് 32.5 രൂപ ലാഭവിഹിതം നൽകിയിരുന്നു. ഇത് കണക്കാക്കിയാൽ മാത്രം അക്ഷിത സ്വന്തമാക്കിയത് 126.61 കോടി രൂപയാണ്. ഇതിന് മുൻപുള്ള വർഷവും ലാഭവിഹിതത്തിലൂടെ അക്ഷിത 119.5 കോടി രൂപ സമ്പാദിച്ചു. ഋഷി സുനക്- അക്ഷത ദമ്പതികൾക്ക് രണ്ട് മക്കളാണുള്ളത്. കൃഷ്ണ, അനൗഷ്‌ക എന്നാണ് മക്കളുടെ പേര്.