risi-sunak-

ലണ്ടൻ: അപക്വ നയങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനെ കൈപിടിച്ചുയർത്താൻ ഋഷി സുനകെത്തുമ്പോൾ ഇന്ത്യയ്‌ക്കും അഭിമാനിക്കാൻ ഏറെയുണ്ട്. പഞ്ചാബിന്റെ മകനും ദക്ഷിണേന്ത്യയുടെ മരുമകനുമാണ് ഋഷി. ബ്രിട്ടനെ മാത്രമല്ല, ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കൺസർവേറ്റീവ് പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പും ഈ 42 കാരന്റെ കൈകളിലാണ്.

പഞ്ചാബി വേരുളുള്ള യഷ്‌ വീർ - ഉഷ സുനക് ദമ്പതികളുടെ മൂത്തമകനാണ് ഋഷി. യഷ് വീർ ജനിച്ചതും വളർന്നതും കെനിയയിലാണ്. ഉഷ ജനിച്ചതും വളർന്നതും ടാൻസാനിയയിലും. പഞ്ചാബ് സ്വദേശികളായ ഇരുവരുടെയും മാതാപിതാക്കൾ കിഴക്കേ ആഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിന്നീട് ഇവർ യു.കെയിലേക്ക് കുടിയേറി സർക്കാർ വകുപ്പുകളിലടക്കം ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചു. യഷ് വീർ ഡോക്ടറും ഉഷ ഫാർമസിസ്റ്റുമായിരുന്നു.

1980 മേയ് 12ന് ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഋഷിയുടെ ജനനം. ഓക്സ്ഫഡ്, യു.എസിലെ സ്​റ്റാൻഫഡ് യൂണിവേഴ്സിറ്റികളിൽ നിന്നാണ് ഋഷി ഉന്നത വിദ്യാഭ്യാസം നേടിയത്. സ്​റ്റാൻഫഡിലെ എം.ബി.എ പഠന കാലയളവിലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൾ അക്ഷതയെ ഋഷി കണ്ടുമുട്ടിയത്. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തി. 2009ൽ ബംഗളൂരുവിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. കൃഷ്ണ, അനൗഷ്‌ക എന്നിവരാണ് ഋഷി - അക്ഷത ദമ്പതികളുടെ മക്കൾ.

സാഷ്സിൽ അനലിസ്​റ്റായി തുടക്കം

2001 - 2004ൽ ഇൻവെസ്​റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാഷ്സിൽ അനലിസ്​റ്റായാണ് ഋഷിയുടെ ബിസിനസ് കരിയർ തുടങ്ങിയത്. തുടർന്ന് ലണ്ടനിലെ ഹെഡ്ജ് ഫണ്ട് മാനേജ്മെന്റ് കമ്പനിയായ ദ ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിലെത്തി. 2015ൽ യോർക്ക്സിലെ റിച്‌മോണ്ടിൽ നിന്ന് കൺസർവേ​റ്റീവ് പാർട്ടി എം.പിയായതോടെയാണ് ഔദ്യോഗിക രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ഹൗസ് ഒഫ് കോമൺസിൽ ഭഗവത് ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് എം.പിയായി ചുമതലയേറ്റത്. ആദ്യമായാണ് ഒരു ബ്രിട്ടീഷ് പാർലമെന്റംഗം ഇങ്ങനെ ചെയ്യുന്നത്. 2017ലും 2019ലും ഇതേ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഋഷിയുടെ മികവ് കൺസർവേറ്റീവ് പാർട്ടിയിലും പ്രശംസിക്കപ്പെട്ടു.

വഴിത്തിരിവായ ധനമന്ത്രിപ്പട്ടം

തെരേസ മേ പ്രധാനമന്ത്രിയായിരിക്കെ തദ്ദേശ ഭരണവകുപ്പിൽ ജൂനിയർ മന്ത്രിയായി. സാമ്പത്തിക രംഗത്തെ പ്രാഗത്ഭ്യം കണക്കിലെടുത്ത് 2019ൽ ട്രഷറി ചീഫ് സെക്രട്ടറിയുടെ ചുമതലയും നൽകി. 2020 ഫെബ്രുവരിയിൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായപ്പോഴാണ് ഋഷിയുടെ രാഷ്ട്രീയ ജീവിതം വഴിത്തിരിവിലെത്തിയത്. തന്റെ വിശ്വസ്തരിൽ ഒരാളായാണ് ഋഷിയെ ബോറിസ് പരിഗണിച്ചത്. കൊവിഡ് കാലയളവിലും മറ്റും ഋഷി മുന്നോട്ട് വച്ച സാമ്പത്തിക നയങ്ങൾ ബ്രിട്ടീഷുകാരിൽ മതിപ്പുണ്ടാക്കി. എന്നാൽ പാർട്ടിഗേറ്റ് ഉൾപ്പെടെയുള്ള വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസന്റെ ഭരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഋഷി കഴിഞ്ഞ ജൂലായ് അഞ്ചിനാണ് രാജിവച്ചത്. പിന്നാലെ 5 ക്യാബിനറ്റ് മന്ത്രിമാരും 25 ജൂനിയർ മന്ത്രിമാരുമടക്കം 60 എം.പിമാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. ഇതോടെ ജൂലായ് ഏഴിന് കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി ബോറിസും പ്രഖ്യാപിച്ചു.

കൈവിട്ട കസേര തേടിയെത്തി

പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടയിൽ നടന്ന എല്ലാ റൗണ്ട് തിരഞ്ഞെടുപ്പിലും ഋഷി ബഹുദൂരം മുന്നിലായിരുന്നു. പക്ഷേ ഒരു ലക്ഷത്തിലേറെയുള്ള പാർട്ടി പ്രവർത്തകർക്കിടയിൽ നടന്ന പോസ്റ്റൽ ബാലറ്റിൽ ഫോറിൻ സെക്രട്ടറിയായിരുന്ന ലിസ് ട്രസ് മുന്നിലെത്തി. സെപ്തംബർ 6ന് ലിസ് പ്രധാനമന്ത്രിയായി. ഋഷിയേയും അനുകൂലികളെയും ഒഴിവാക്കിയാണ് ലിസ് മന്ത്രിസഭ രൂപീകരിച്ചത്. നികുതി ഇളവ് പരിഷ്ക‌രണങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകിടം മറിഞ്ഞതോടെ പാർട്ടി പ്രവർത്തകർ ലിസിനെ പുറത്താക്കാൻ മുന്നിട്ടിറങ്ങി. ലിസ് പുറത്തായതോടെ ഒരുമാസം മുമ്പ് കപ്പിനും ചുണ്ടിനുമിടെയിൽ നഷ്ടപ്പെട്ട പ്രധാനമന്ത്രി പദം ഋഷിയെ തേടിയെത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ ഋഷിക്ക് മാത്രമേ കഴിയൂ എന്നാണ് കൺസർവേറ്റീവ് എം.പിമാരുടെ പ​ക്ഷം.