accident

ലക്നൗ: ഉത്തർപ്രദേശിലെ കനൗജിലെ റോഡിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന 12 കാരിയെ എസ്.ഐ ചുമലിലെടുത്ത് ആശുപത്രിയിലെത്തിച്ച ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. പരിക്കേറ്റ് പന്ത്രണ്ടുകാരി സഹായത്തിനായി അഭ്യർത്ഥിച്ചിട്ടും ദൃശ്യങ്ങൾ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു ചുറ്റും കൂടിയവർ.

കനൗജിലെ ഡാക് ബംഗ്ലാ ഗസ്റ്റ് ഹൗസിന് പിന്നിൽ വച്ച് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തെന്നും ഇതേത്തുടർന്ന് ഗുരുതരമായി പരിക്കേറ്റെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ലോക്കൽ പൊലീസ് ഓഫീസറാണ് കുട്ടിയെ ചുമലിലെടുത്ത് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. റോഡിൽ കിടക്കുന്നതിനിടെ നാട്ടുകാരോട് കൈയുയർത്തി പെൺകുട്ടി സഹായമഭ്യർത്ഥിക്കുന്നതും അവർ അത് ശ്രദ്ധിക്കാതെ നിൽക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഉച്ചയ്ക്ക് പുറത്തു പോയ പെൺകുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.