
ലണ്ടൻ: ബ്രിട്ടനിലെ സമ്പന്നരായ പ്രധാനമന്ത്രിമാരിൽ ഒരാൾ കൂടിയാണ് ഋഷി സുനക്. ബോറിസ് ജോൺസൺ അടക്കമുള്ള പ്രധാനമന്ത്രിമാർ സമ്പന്നർ ആയിരുന്നെങ്കിലും ഇവർക്കിടെയിലെ 'സൂപ്പർ റിച്ചാണ്" ഋഷി.
സൺഡേ ടൈംസ് പുറത്തുവിട്ട ഈ വർഷത്തെ കണക്ക് പ്രകാരം യു.കെയിലെ അതിസമ്പന്നരായ 250 പേരുടെ പട്ടികയിൽ 222 ാം സ്ഥാനമാണ് ഋഷിക്ക്. ഏകദേശം 730 ദശലക്ഷം പൗണ്ടാണ് ആസ്തി. ഋഷിയുടെയും ഭാര്യ അക്ഷതയുടെയും സംയുക്ത ആസ്തിയാണിത്.
ഒരുപക്ഷേ, ബക്കിംഗ്ഹാം പാലസിനേക്കാൾ ആസ്തിയുള്ള ഒരാൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത് ഇതാദ്യമായിരിക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മുമ്പ് പ്രസിദ്ധീകരിച്ച ലിസ്റ്റായിരുന്നു ഇത്. രാജ്ഞിക്ക് 370 ദശലക്ഷം പൗണ്ടിന്റെ ആസ്തിയാണുണ്ടായിരുന്നത്.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയേക്കാൾ അക്ഷത സമ്പന്നയാണെന്ന് സൺഡേ ടൈംസ് ചൂണ്ടിക്കാട്ടിയിരുന്നു. 2020ലെ കണക്ക് പ്രകാരം ഏകദേശം 480 ദശലക്ഷം പൗണ്ടായിരുന്നു അക്ഷതയുടെ ആസ്തി.
ഇൻഡോർ സ്വിമ്മിംഗ് പൂൾ, ജിം, യോഗ സ്റ്റോഡിയോ, ടെന്നീസ് കോർട്ട് എന്നിവയടങ്ങുന്ന നോർത്ത് യോക്ക്ഷെയറിലെ കൊട്ടാര തുല്യമായ മാളികയ്ക്ക് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 15 ദശലക്ഷം പൗണ്ട് മൂല്യം വരുന്ന വസ്തുവകകളും ഋഷിക്കുണ്ട്. മദ്ധ്യ ലണ്ടൻ, സൗത്ത് കെൻസിംഗ്ടൺ, കാലിഫോർണിയയിലെ സാന്റാമോണിക എന്നിവിടങ്ങളിലാണ് ഋഷിയുടെയും അക്ഷതയുടെയും ഉടമസ്ഥതയിലുള്ള മറ്റ് വീടുകൾ.