ജനുവരി 10ന് ചിത്രീകരണം

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ആദ്യ മോഹൻലാൽ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പത്തിന് രാജസ്ഥാനിൽ ആരംഭിക്കും.ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയുടെ ഒപ്പമാണ് തന്റെ അടുത്ത സിനിമയെന്ന് മോഹൻലാൽ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് നിർമാണം.സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിന്റെ ഉടമസ്ഥതയിലെ ബേബി മറൈൻ ഗ്രൂപ്പ്) മാക്സ് ലാബും നിർമാണ പങ്കാളികളാണ് . ഒറ്റ ഷെഡ്യൂളിൽ എഴുപത്തിയഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്.പി.ആർ.ഒ : വാഴൂർ ജോസ്.
അതേസമയം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ ചിത്രം. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.  മമ്മൂട്ടി ചിത്രത്തിന് പിന്നാലെ മോഹൻലാൽ സിനിമ ചെയ്യാനുള്ള അപൂർവ ഭാഗ്യം കൂടി ലഭിച്ചിരിക്കുകയാണ്.
ഫിഫ ലോകകപ്പ് : ആവേശമേകാൻ ലാലിന്റെ  ആൽബം
ഫിഫ ലോകകപ്പിന്റെ ഭാഗമായി മോഹൻലാലിന്റെ സംഗീത ആൽബം. മോഹൻലാൽ ഗാനം ആലപിച്ച് അഭിനയിച്ചതാണ് ആൽബം. സല്യൂട്ടേഷൻസ് ടു ഖത്തർ എന്ന നാല് മിനിട്ട് ദൈർഘ്യമുള്ള വീഡിയോ സംഗീതവും വീഡിയോയും കോർത്തിണക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
ഒക്ടോ. 30ന് ഖത്തറിൽ പ്രകാശനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാറും മ്യൂസിക് വീഡിയോയ്ക്ക് പിന്നിലുണ്ട്. മലയാളത്തിന് പുറമെ മറ്റു രണ്ട് ഭാഷകളിലുമായാണ് ഗാനം. അറബിക് , ഇംഗ്ളീഷ് ഭാഷകളിൽ സബ് ടൈറ്റിലും നൽകിയിട്ടുണ്ട്.