cmo

തിരുവനന്തപുരം: സർക്കാർ-ഗവർണർ പോരിനിടെ വീണ്ടും 'പിപ്പിടി' പ്രയോഗം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പിപ്പിടി വിദ്യയുമായി വന്നാൽ പിന്മാറുകയോ തിരിഞ്ഞോടുകയോ ചെയ്യില്ലെന്നാണ് തലസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സെമിനാറിൽ പ്രസംഗിക്കവെ മുഖ്യമന്ത്രി അറിയിച്ചത്.

ഉന്നത വിദ്യാഭ്യാസ പുരോഗതിയ്‌ക്ക് വേണ്ടി സംസ്ഥാന സർക്കാർ ശ്രമിക്കുമ്പോൾ അതിനെ തടയിടാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമം കണ്ടാൽ ഭയന്ന് പിന്മാറുകയോ തിരിഞ്ഞോടുകയോ ചെയ്യില്ല, മതനിരപേക്ഷ ജനാധിപത്യ ബദലിനെ അസഹിഷ്‌ണുതയോടെ കാണുന്നവർ പല പിപ്പിടി വിദ്യകളുമായി വരുമെന്നും എന്നാൽ സർക്കാർ നവീകരണവുമായി മുന്നോട്ട് പോകുമെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ക്യാംപസുകളെ വർഗീയവൽക്കരിച്ച് ഭിന്നിക്കാൻ ചിലർ ശ്രമിക്കുന്നെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

പിപ്പിടി വിദ്യ എന്ന മുഖ്യമന്ത്രിയുടെ പ്രയോഗത്തെ കഴിഞ്ഞദിവസം ഗവർണർ പരിഹസിച്ചിരുന്നു. ചെപ്പടി വിദ്യയുമായി വന്നാൽ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്നായിരുന്നു ഗവർണർ പറഞ്ഞത്. അതേസമയം വി.സിമാർ മാറിനിൽക്കണമെന്ന് ഗവർണർ പറയുന്നതിൽ എന്താണ് തെറ്റെന്ന് ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു. വിഷയാധിഷ്‌ഠിതമായാണ് നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.