
ഗ്രൂപ്പ് റൗണ്ടിൽ പുറത്താകാതിരിക്കാൻ ബാഴ്സലോണ
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്താവുകയെന്ന നാണക്കേട് ഒഴിവാക്കാൻ അരയും തലയും മുറുക്കി പൊരുതാൻ സ്പാനിഷ് ക്ളബ് ബാഴ്സലോണ. പക്ഷേ മറുവശത്ത് രൗദ്രഭാവം ആവാഹിച്ചുനിൽക്കുന്ന ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്ക്. ഇന്ന് രാത്രി ബാഴ്സലോണയുടെ തട്ടകമായ ക്യാമ്പ് നൗവിൽ നടക്കുന്ന പോരാട്ടത്തിൽ ചോര ചീന്തുമെന്നുറപ്പ്.
നേരത്തേ ബയേണിനോടും ഇന്റർ മിലാനോടും ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളിൽ തോറ്റതോടെ ബാഴ്സലോണയുടെ പ്രീ ക്വാർട്ടർ പ്രവേശനം തുലാസിലായിരിക്കുകയാണ്. ഇന്ന് ബയേണിനെയും അവസാന മത്സരത്തിൽ വിക്ടോറിയ പ്ളസനെയും തോൽപ്പിച്ചാലും ബാഴ്സ അവസാന പതിനാറിൽ എത്തണമെന്നില്ല. കാരണം ഗ്രൂപ്പ് സിയിൽ നാലുമത്സരങ്ങളിൽ നിന്ന് നാലുപോയിന്റ് മാത്രമുള്ള ബാഴ്സ മൂന്നാം സഥാനത്താണ്. 12പോയിന്റുള്ള ബയേൺ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള ഇന്റർ മിലാന് ഏഴ് പോയിന്റുണ്ട്. അവർ ഇന്ന് വിക്ടോറിയ പ്ളസനെ തോൽപ്പിച്ചാൽ പിന്നെ ബാഴ്സയ്ക്ക് മുന്നോട്ടുപോകാനാവില്ല.
ഗ്രൂപ്പ് ബിയിൽ മറ്റൊരു സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനും ഇന്ന് നിർണായകമാണ്. ബയേൺ ലെവർകൂസനുമായാണ് അത്‌ലറ്റിക്കോയുടെ മത്സരം. ഗ്രൂപ്പ് ബിയിൽ 10 പോയിന്റുള്ള ക്ളബ് ബ്രുഗെയ്ക്കും 6 പോയിന്റുള്ള പോർട്ടോയ്ക്കും പിന്നിൽ മൂന്നാമതാണ് നാലുപോയിന്റുള്ള അത്‌ലറ്റിക്കോ. ഗ്രൂപ്പ് എയിൽ രണ്ടാംസ്ഥാനത്തുള്ള ലിവർപൂൾ പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇന്ന് അയാക്സിനെ നേരിടും.
ഇന്നത്തെ മത്സരങ്ങൾ
ക്ളബ് ബ്രുഗെ Vs എഫ്.സി പോർട്ടോ
ഇന്റർ മിലാൻ Vs വിക്ടോറിയ പ്ളസൻ
(രാത്രി 10.15 മുതൽ )
ബാഴ്സലോണ Vs ബയേൺ മ്യൂണിക്ക്
അത്‌ലറ്റിക്കോ Vs ലെവർകൂസൻ
അയാക്സ് Vs ലിവർപൂൾ
എയ്ൻട്രാൻക്ട് Vs മാഴ്സെ
നാപ്പോളി Vs റേഞ്ചേഴ്സ്
ടോട്ടൻഹാം Vs സ്പോർട്ടിംഗ്
(രാത്രി 12.30 മുതൽ )
ടെൻ സ്പോർട്സ് ചാനലിൽ ലൈവ്