
ലോകകപ്പിൽ ആതിഥേയർക്ക് ആദ്യം ജയം,ലങ്കയെ കീഴടക്കിയത് ഏഴുവിക്കറ്റിന്
ശ്രീലങ്ക 157/6,ഒാസ്ട്രേലിയ 158/3,സ്റ്റോയ്നിസ് 18 പന്തിൽ 59 റൺസ് നോട്ടൗട്ട്
പെർത്ത് : ആതിഥ്യം വഹിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിലെ തോൽവിയുടെ ആഘാതത്തിൽ നിന്ന് കരകയറി ആസ്ട്രേലിയ. ഇന്നലെ ശ്രീലങ്കയെ സൂപ്പർ 12 റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഏഴുവിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാർ കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ലങ്ക ഉയർത്തിയ 157/6 എന്ന സ്കോർ 21 പന്തുകളും ഏഴുവിക്കറ്റുകളും ബാക്കിനിൽക്കേയാണ് ഓസീസ് മറികടന്നത്. 18 പന്തുകളിൽ നാലുഫോറും ആറുസിക്സുമടക്കം പുറത്താകാതെ 59 റൺസടിച്ചുകൂട്ടിയ ഒാസ്ട്രേലിയൻ ബാറ്റർ മാർക്ക് സ്റ്റോയ്നിസാണ് വിജയശിൽപ്പി.
രണ്ടാം ഓവറിൽത്തന്നെ ഓപ്പണർ കുശാൽ മെൻഡിസിനെ(5) നഷ്ടമായെങ്കിലും പാത്തും നിസംഗയും (40) ധനഞ്ജയ ഡിസിൽവയും(26) ചേർന്ന് ലങ്കയ്ക്ക് മാന്യമായ തുടക്കമാണ് നൽകിയത്. കുശാലിനെ രണ്ടാം ഓവറിൽ പാറ്റ് കമ്മിൻസ് മിച്ചൽ മാർഷിന്റെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് ക്രീസിലൊരുമിച്ച നിസംഗയും ധനഞ്ജയയും ചേർന്ന് 69 റൺസാണ് കൂട്ടിച്ചേർത്തത്. 12-ാം ഓവറിൽ ധനഞ്ജയയെ വാർണറുടെ കയ്യിലെത്തിച്ച് ആഷ്ടൺ ആഗറാണ് സഖ്യം പൊളിച്ചത്. 23 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കമാണ് ധനഞ്ജയ 26 റൺസടിച്ചത്. 45 പന്തുകളിൽ രണ്ട് ബൗണ്ടറി പറത്തിയ നിസംഗ 14-ാം ഓവറിൽ റൺഒൗട്ടാവുകയായിരുന്നു.
തുടർന്ന് 15-ാം ഓവറിൽ ഭനുക രജപക്സ(7),16-ാം ഓവറിൽ ദാസുൻ ഷനക(3),18-ാം ഓവറിൽ വാനിന്ദു ഹസരംഗ (1) എന്നിവർ കൂടി പുറത്തായതോടെ ലങ്ക 120/6 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ ചമിക കരുണരത്നെയെ (14) കൂട്ടുനിറുത്തി ചരിത്ത് അസലങ്ക നടത്തിയ പോരാട്ടമാണ് ലങ്കയെ 150 കടത്തിയത്. അവസാന ഓവറിൽ 20 റൺസാണ് ലങ്കൻ ബാറ്റർമാർ അടിച്ചെടുത്തത്. 25 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് അസലങ്ക പുറത്താകാതെ 38 റൺസ് നേടിയത്.
മറുപടിക്കിറങ്ങിയ ഓസീസിന്റെ ഓപ്പണർ ഡേവിഡ് വാർണറെ (11) അഞ്ചാം ഒാവറിൽ ലങ്ക മടക്കി അയച്ചു. തീഷ്ണയുടെ പന്തിൽ ഷനകയ്ക്ക് പിടികൊടുത്ത് വാർണർ കൂടാരം കയറുമ്പോൾ 26/1 എന്ന നിലയിലായിരുന്നു കംഗാരുക്കൾ. തുടർന്ന് ആസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ക്ഷമയോടെ ക്രീസിൽ നിന്നു. മിച്ചൽ മാർഷും (17പന്തുകളിൽ 18 റൺസ് ) ഗ്ളെൻ മാക്സ്‌വെല്ലും (12 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടക്കം 23 റൺസ് ) പുറത്തായശേഷമാണ് മാർക്ക് സ്റ്റോയ്നിസ് കളത്തിലെത്തിയത്. ഇതോടെ കളിയുടെ ഗതിമാറി. വമ്പൻ ഷോട്ടുകളുമായി സ്റ്റോയ്നിസ് സ്കോർ ബോർഡ് കുത്തനെ ഉയർത്തിയപ്പോൾ 17-ാം ഓവറിൽ ആതിഥേർ വിജയത്തിലെത്തി. 17 പന്തുകളിൽ നിന്നാണ് സ്റ്റോയ്നിസ് അർദ്ധസെഞ്ച്വറി നേടിയത്.