
കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് എതിരെയും പരാതി. കേസിൽ കൊല്ലം മജിസ്ട്രേറ്റിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് പൂർവ്വ സൈനിക സേവാ പരിഷത്ത് ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി സമർപ്പിച്ചത്.
പൊലീസ് മർദ്ദനമേറ്റ സൈനികനായ വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും കള്ലക്കേസ് ചമച്ച ശേഷം മജിസ്ട്രേറ്റിന്റെ പക്കൽ ഹാജരാക്കിയിരുന്നു. ഇവർക്ക് പൊലീസ് മർദ്ദനമേറ്റതായി വ്യക്തമായിട്ടും ചികിത്സയ്ക്ക് വിധേയരാക്കാതെ പൊലീസ് നിർദേശ പ്രകാരം റിമാൻഡ് ചെയ്തു എന്നാണ് ആക്ഷേപം. സൈനികനും സഹോദരനും കസ്റ്റഡി മർദ്ദന വിവരം സൂചിപ്പിച്ചിട്ടും ഇടപെടാതിരുന്ന മജിസ്ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
അതേ സമയം സംഭവത്തിൽ വീഴ്ച സമ്മതിക്കാൻ തയ്യാറാകാതെ പ്രകാശ് എന്ന ഉദ്യോഗസ്ഥന്റെ തലയിൽ മാത്രം പഴിചാരി രക്ഷപ്പെടാനാണ് മറ്റു പൊലീസുകാർ ശ്രമിക്കുന്നതെന്ന് പരാതിക്കാരനായ വിഘ്നേഷ് ആരോപിച്ചു. സംഭവത്തിന്റെ പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളിലും വോയിസ് ക്ളിപ്പിലും പൊലീസിന്റെ വീഴ്ച വ്യക്തമാക്കുന്നുണ്ട്. ധൈര്യമുണ്ടെങ്കിൽ സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പുറത്തു വിടണമെന്നും വിഘ്നേഷ് ആവശ്യപ്പെട്ടു.
വിഷ്ണുവിനെയും സഹോദരൻ വിഘ്നേഷിനെയും മർദിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പൊലീസ് പുറത്തുവിട്ട വീഡിയോ അവർക്കുതന്നെ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് പൊലീസിന്റെ ഈ നീക്കമെന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിഷയത്തിൽ സൈനിക തലത്തിൽ ഇടപെടലുണ്ടായതോടെ ക്രൈം ബ്രാഞ്ച് നടപടികൾ ദ്രുതഗതിയിൽ മുന്നോട്ട് പോകുന്നുണ്ട്. പരാതിക്കാരനായ വിഘ്നേഷിന്റെ മൊഴി അന്വേഷണ സംഘം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു.