
ലണ്ടൻ: ഭാരതമുൾപ്പെടെ ലോകരാജ്യങ്ങളെ അടക്കിവാണിരുന്ന ബ്രിട്ടന്റെ ഭരണം ഇനി ഇന്ത്യൻ വംശജനായ ഋഷി സുനക്കിന്റെ കരങ്ങളിൽ. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കടുത്ത നടപടികൾ വേണ്ടിവരുമെന്ന പ്രഖ്യാപനത്തോടെ 42കാരനായ സുനക് ബ്രിട്ടന്റെ 57-ാം പ്രധാനമന്ത്രിയായി ചുമതലയേറ്റു. 200 വർഷത്തിനിടെ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഹിന്ദു വിശ്വാസം പിന്തുടരുന്ന, വെള്ളക്കാരൻ അല്ലാത്ത ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയും. ദീപാവലി ദിവസമാണ് ഋഷിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. എതിരില്ലാതെയാണ് തിരഞ്ഞെടുപ്പ്.
ബക്കിംഗ്‌ഹാം കൊട്ടാരത്തിലെത്തിയ ഋഷിയെ ചാൾസ് മൂന്നാമനാണ് സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചത്. പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള നടപടികളും ഋഷി ആരംഭിച്ചു.
ഒരു വർഷത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാണ് സുനക്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ 45 ദിവസത്തെ ഭരണം അവസാനിപ്പിച്ച് ലിസ് ട്രസ് ഒഴിഞ്ഞതോടെയാണ് സുനകിന് അവസരമൊരുങ്ങിയത്. പ്രചാരണത്തിൽ മുന്നിട്ടു നിന്നിരുന്ന സുനകിനെ അവസാന റൗണ്ടിൽ പിന്തള്ളിയാണ് ലിസ് അന്ന് അധികാരത്തിലെത്തിയത്.
തിങ്കളാഴ്ച എം.പിമാർക്കിടയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ഋഷിക്ക് എതിരാളിയാകുമെന്ന് കരുതിയിരുന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. ആദ്യം സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റ് നോമിനേഷൻ സമർപ്പണത്തിനുള്ള 100 എം.പിമാരുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പിൻമാറി. ഇതോടെയാണ് പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് എതിരാളികളില്ലാതെ ഋഷി എത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണശേഷം ചാൾസ് മൂന്നാമൻ നിർവഹിച്ച ഭരണഘടനാപരമായ പ്രധാന ചുമതലകളിൽ ഒന്നായിരുന്നു ഋഷിയുടെ നിയമനം.
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിച്ചതോടെ ഇന്ത്യയുടെ മരുമകനുമാണ് സുനക്. മക്കൾ കൃഷ്ണ, അനൗഷ്‌ക.
തെറ്റുകൾ തിരുത്തി മുന്നോട്ട്
ചാൾസ് മൂന്നാമനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ലണ്ടനിൽ തിരിച്ചെത്തിയ ഋഷി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് രാജ്യത്തെ അഭിസംബോധന ചെയ്തു. ലിസിന് ചില തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും എന്നാൽ അവ മോശം ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ തിരുത്തൽ ഈ നിമിഷം തന്നെ തുടങ്ങിയിട്ടുണ്ട്. ഭാവിയിലേക്ക് രാജ്യത്തെ നയിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയത്തിന് അതീതമായി നിറവേറ്റുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
''ഞാൻ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കും. വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ.
- ഋഷി സുനക്