
ലണ്ടൻ: ഇക്കഴിഞ്ഞ ജൂലായ് 20.... ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജൻ എന്ന ചരിത്ര നേട്ടത്തിന് അരികിലാരുന്നു ഋഷി. ബോറിസ് ജോൺസൺ രാജിവച്ച പശ്ചാത്തലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് എം.പിമാർക്കിടെയിൽ നടന്ന അഞ്ചാം റൗണ്ട് തിരഞ്ഞെടുപ്പിൽ 137 വോട്ടുകളോടെ ഋഷി മുന്നിലെത്തി. 113 വോട്ടുമായി ലിസ് ട്രസ് രണ്ടാം സ്ഥാനത്തും. നാല് റൗണ്ടുകളിലും ഋഷിയായിരുന്നു മുന്നിൽ.
എന്നാൽ അഞ്ച് റൗണ്ട് പിന്നിട്ടപ്പോൾ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ പോസ്റ്റൽ ബാലറ്റിന്റെ കരുത്തുമായി ഋഷിയെ അട്ടിമറിച്ച് ലിസ് മുന്നിലെത്തി. 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം സെപ്തംബർ 5ന് പ്രഖ്യാപിച്ചപ്പോൾ 57.4 ശതമാനം വോട്ടോടെ ലിസതിരഞ്ഞെടുക്കപ്പെട്ടു. 42.6 ശതമാനം വോട്ട് ഋഷിക്കും ലഭിച്ചു. സെപ്തംബർ ആറിന് തന്നെ ലിസ് പ്രധാനമന്ത്രിയായി അധികാരമേറ്റു. ചുമതലയേറ്റതിന് പിന്നാലെ കാബിനറ്റിലെ സുപ്രധാന പദവികളിൽ ലിസ് തന്റെ വിശ്വസ്തരെ നിയമിച്ചു. ഋഷിയെ പിന്തുണച്ചവരെ ഒഴിവാക്കി.
ബോറിസ് മന്ത്രിസഭയിലെ ബിസിനസ് സെക്രട്ടറി ക്വാസി ക്വാർടെംഗിനെ ധനമന്ത്രിയാക്കി. സെപ്തംബർ അവസാനം ക്വാർടെംഗ് പ്രഖ്യാപിച്ച മിനി ബഡ്ജറ്റിന് പിന്നാലെ പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് ലിസിന് ക്വാസിയെ പുറത്താക്കേണ്ടി വന്നു.
വിലക്കയറ്റം രൂക്ഷമായി. ജനരോഷം തണുപ്പിക്കാൻ തെരേസ മേ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ജെറമി ഹണ്ടിനെ ധനമന്ത്രിയാക്കിയെങ്കിലും എം.പിമാർ രംഗത്തെത്തിയതോടെ ലിസിന് രാജിയല്ലാതെ മറ്റു വഴികളില്ലാതെയായി. ഒടുവിൽ 45 ദിവസത്തെ ഭരണത്തിനൊടുവിൽ ഒക്ടോബർ 20ന് ലിസ് രാജി പ്രഖ്യാപിച്ചു. ഇതേത്തുടർന്നാണ് ഒരിക്കൽ നഷ്ടപ്പെട്ട പ്രധാനമന്ത്രി കസേര ഋഷിയെ തേടിയെത്തിയത്.
എതിരില്ലാതെ ഋഷി
പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നോമിനേഷൻ നൽകാൻ വേണ്ടത് കുറഞ്ഞത് 100 എം.പിമാരുടെ പിന്തുണ
തുടർന്ന് കൺസർവേറ്റീവ് പാർട്ടിയുടെ 357 എം.പിമാർക്കിടയിൽ വോട്ടെടുപ്പ്
ഒരു ലക്ഷത്തിലേറെവരുന്ന പാർട്ടി പ്രവർത്തകർക്കായി ഓൺലൈൻ വോട്ടിംഗ്
58 എം.പിമാർ പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും മത്സരിക്കുന്നില്ലെന്ന് ബോറിസ് ജോൺസൺ
26 എം.പിമാർ മാത്രം പിന്തുണച്ചതോടെ ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റ് പിന്മാറി
എതിരില്ലാതെ ഋഷി പ്രധാനമന്ത്രി പദത്തിലേക്ക്