
മുംബയ്: സ്ത്രീകൾക്കെതിരെയുള്ള 'ഐറ്റം' എന്ന പദപ്രയോഗം ലൈംഗിക അധിക്ഷേപത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്ന് മുംബയ് സ്പെഷ്യൽ കോടതി. 16-കാരിയെ 'ഐറ്റം' എന്ന് വിളിച്ച് അധിക്ഷേപിച്ച കേസിൽ വിധി പറയുന്നതിനിടയിലായിരുന്നു കോടതിയുടെ പരാമർശം. കേസിൽ ഐപിസി 354 പ്രകാരം അബ്രാർ ഖാൻ എന്ന യുവാവിന് കോടതി ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു.
മുംബയിലെ സക്കിനാക്കി സ്വദേശിയായ പെൺകുട്ടിയെ പ്രതിയും സുഹൃത്തുക്കളും നിരന്തരം ശല്യം ചെയ്യുന്നത് പതിവായിരുന്നു. 2015 ജൂലൈ 14നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സ്കൂൾ വിട്ട് വന്ന 16-കാരിയെ പ്രതി മുടിയിൽ പിടിച്ച് വലിക്കുകയും ' ഐറ്റം ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നു. പെൺകുട്ടി പ്രതികരിച്ചതോടെ ഇയാൾ അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. തുടർന്ന് പൊലീസ് ഹെൽപ്പ്ലൈൻ വഴി പെൺകുട്ടി പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തെങ്കിലും അബ്രാർ ഖാൻ മുൻകൂർ ജാമ്യം നേടിയിരുന്നു. കേസിന്റെ വിചാരണ ഘട്ടത്തിൽ പരാതിക്കാരിയും താനും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും തനിക്കെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചതാണെന്നും ഇയാൾ കോടതിയിൽ വാദമുന്നയിച്ചു.
എന്നാൽ പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ അപമാനിക്കുന്നതും മോശമായി ചിത്രീകരിക്കുന്നതുമായ പ്രയോഗമാണ് പ്രതി നടത്തിയത് എന്ന വിലയിരുത്തിയ കോടതി കുറ്റം ഒഴിവാക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. സ്ത്രീത്വത്തെ മനഃപൂർവ്വം അപമാനിക്കാനുള്ള ശ്രമമാണെ് ഉണ്ടായതെന്ന് കണ്ടെത്തിയ കോടതി പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് ശിക്ഷ പാഠമായിരിക്കണമെന്നും അറിയിച്ചു