
ന്യൂഡൽഹി: ടെക് ഭീമൻ ഗൂഗിളിന് ഒരാഴ്‌ചയ്‌ക്കിടെ രാജ്യത്ത് നിന്നും രണ്ടാമതും വൻ പിഴശിക്ഷ. പേയ്‌മെന്റ് ആപ്പും ഇൻ ആപ്പ് പേയ്‌മെന്റ് പ്രമോഷൻ സിസ്‌റ്റവും പ്രോത്സാഹിപ്പിക്കാനായി തങ്ങളുടെ വിപണിയിലെ മുൻകൈ കമ്പനി ദുരുപയോഗം ചെയ്‌തെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സിസിഐ) കണ്ടെത്തി. തുടർന്ന് 113.04 മില്യൺ ഡോളർ (936 കോടി) ആണ് പിഴശിക്ഷയായി വിധിച്ചത്.
നാല് ദിവസം മുൻപാണ് വിപണി മര്യാദ ലംഘിച്ചതിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ 1337.76 കോടി രൂപ ഗൂഗിളിന് പിഴയിട്ടത്. ഇതോടെ നാല് ദിവസത്തിനകം 2274 കോടിയാണ് ടെക് ഭീമന് ലഭിച്ച പിഴ. ആൻഡ്രോയിഡുമായി ബന്ധമുളള പ്രശ്‌നത്തിനാണ് വ്യാഴാഴ്‌ച ഗൂഗിളിന് പിഴശിക്ഷ ലഭിച്ചത്. ഇന്ത്യയിലെ 95 ശതമാനം സ്‌മാർട്‌ഫോണുകളിലും ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റമാണ് ഉളളതെന്ന് കണ്ടെത്തിയിരുന്നു.
ദക്ഷിണ കൊറിയയിൽ ഈയിടെ കമ്പനിയ്‌ക്ക് സാംസംഗിന്റെയടക്കം മറ്റ് ഓപ്പറേറ്റിംഗ് സിസ്‌റ്രം വിലക്കിയ നടപടിയിൽ 1303 കോടി രൂപ പിഴയിട്ടിരുന്നു.