jeremy

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിയുമായി ഋഷി സുനക്. ലിസ് ട്രസ് മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരെ ഋഷി ഇന്നലെ പുറത്താക്കുകയോ അവർ സ്വയം രാജി വയ്ക്കുകയോ ചെയ്തപ്പോൾ ജെറമി ഹണ്ടിനെ ധനമന്ത്രിയായി നിലനിറുത്തി.

ബിസിനസ് സെക്രട്ടറി ജേക്കബ് റീസ് - മോഗ് ഉൾപ്പെടെ നാല് മന്ത്രിമാരോട് സ്ഥാനമൊഴിയാൻ ഋഷി ഇന്നലെ നിർദ്ദേശിച്ചെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 14നാണ് തെരേസ മേ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്ന ജെറമി ഹണ്ടിനെ ധനമന്ത്രിയായി ലിസ് ട്രസ് നിയമിച്ചത്.

വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് ധനമന്ത്രിയായിരുന്ന ക്വാസി ക്വാർടെംഗിനെ ലിസ് പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇത്. അതേ സമയം, ഫോറിൻ സെക്രട്ടറി ജെയിംസ് ക്ലെവർ‌ലിയും ഡിഫൻസ് സെക്രട്ടറി ബെൻ വാലസും ട്രേഡ് സെക്രട്ടറി കെമി ബാഡെനോഷും അതത് പദവികൾ നിലനിറുത്തി.

മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സ്യുവെല്ല ബ്രേവർമാനെ വീണ്ടും ഹോം സെക്രട്ടറിയായി തന്നെ നിയമിച്ചു. ഔദ്യോഗിക രേഖകൾ സ്വന്തം ഇ - മെയിലിലൂടെ എം.പിമാർക്ക് നൽകിയതിന്റെ പേരിൽ ഒക്ടോബർ 19ന് സ്യുവെല്ല രാജിവച്ചിരുന്നു. സ്യുവെല്ലയ്ക്ക് പകരം ഹോം സെക്രട്ടറിയായി നിയമിതനായ ഗ്രാന്റ് ഷാപ്പ്സിന് ഋഷി ബിസിനസ് സെക്രട്ടറി പദവി നൽകി. കൺസർവേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പിൽ ഋഷിയുടെ എതിരാളിയായിരുന്ന പെന്നി മോർഡന്റ് ഹൗസ് ഒഫ് കോമൺസ് ലീഡർ സ്ഥാനം നിലനിറുത്തി.

അതേ സമയം, ഡൊമിനിക് റാബിനെ ഋഷി ഉപപ്രധാനമന്ത്രിയായും നീതി മന്ത്രിയായും നിയമിച്ചു. നേരത്തെ ബോറിസ് ജോൺസൺ മന്ത്രിസഭയിലും ഡൊമിനിക് ഇതേ പദവി വഹിച്ചിരുന്നു.

മറ്റ് നിയമനങ്ങൾ : സൈമൺ ഹാർട്ട് ( ചീഫ് വിപ്പ് ), നദീം സഹാവി ( വകുപ്പ് ഇല്ലാത്ത കാബിനറ്റ് മന്ത്രി പദവി ), ഒലിവർ ബോഡൻ ( ഡചി ഒഫ് ലാൻകാസ്റ്റർ ചാൻസലർ ), ഗിലിയൻ കീഗൻ ( എജ്യുക്കേഷൻ സെക്രട്ടറി ), മെൽ സ്ട്രൈഡ് ( വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറി ), തെരേസ് കോഫീ ( പരിസ്ഥിതി സെക്രട്ടറി ), സ്റ്റീവ് ബാർക്ലേ ( ഹെൽത്ത് സെക്രട്ടറി ), മൈക്കൽ ഗോവ് ( ഹൗസിംഗ് സെക്രട്ടറി ), മിഷേൽ ഡൊനെലൻ ( മീഡിയ ആൻഡ് സ്പോർട് സെക്രട്ടറി ), ക്രിസ് ഹീറ്റൺ ഹാരിസ് ( നോർത്തേൺ അയർലൻഡ് സെക്രട്ടറി ), അലിസ്റ്റർ ജാക്ക് ( സ്കോട്ട്‌ലൻഡ് സെക്രട്ടറി ), ഡേവിഡ് ടി.സി ഡേവീസ് ( വെയ്‌ൽസ് സെക്രട്ടറി ).