
ലണ്ടൻ: അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ അഴിച്ച് പണിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കടുത്ത നടപടികളുടെ ഭാഗമായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് മന്ത്രിമാരോട് ഋഷി സുനക് രാജി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിനെ തുടർന്ന് മൂന്ന് മന്ത്രിമാർ രാജി സമർപ്പിച്ചതായി വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു..
വാണിജ്യ ഊർജ്ജ വിഭാഗം മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാന്‍ഡന്‍ ലെവിസ്, വികസന മന്ത്രി വിക്കി ഫോര്‍ഡ്, തൊഴില്‍ പെന്‍ഷന്‍ മന്ത്രി ക്ലോ സ്മിത് എന്നിവരോട് മന്ത്രിസഭയിൽ നിന്നും പിൻവാങ്ങാൻ ഋഷി ആവശ്യപ്പെട്ടുവെന്നാണ് വിവരം. ഇതിൽ ജേക്കബ് റീസ് മോഗ്, ബ്രാന്‍ഡന്‍ ലെവിസ്, ക്ലോ സ്മിത് എന്നിവർ ഇതിനോടകം തന്നെ രാജി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യ്തു. കൂടാതെ ബോറിസ് ജോൺസന്റെ ഭരണകാലയളവിൽ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററായിരുന്ന ഡൊമിനിക് റാബിന് അതേ സ്ഥാനത്തോടൊപ്പം സെക്രട്ടറി ഓഫ് സ്റ്റേറ്റ് സ്ഥാനവും നൽകിയതായും നിലവിലെ ധനമന്ത്രിയായ ജെറെമി ഹണ്ട് തൽസ്ഥാനത്ത് തുടരുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി അറിയിച്ചിട്ടുണ്ട്.
തെറ്റുകള്‍ തിരുത്താനാണ് തന്നെ നിയോഗിച്ചതെന്നും മികച്ചതിനായി അശ്രാന്തം പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുത്ത ശേഷം രാജ്യത്തോടായി ഋഷി സുനക് പറഞ്ഞിരുന്നു. 'നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. യുക്രെയിനില്‍ പുടിന്‍ നടത്തുന്ന യുദ്ധം ലോകമെമ്പാടുമുള്ള വിപണികളെ അസ്ഥിരപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതില്‍ മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് തെറ്റുപറ്റിയില്ല. ഞാന്‍ അവരെ അഭിനന്ദിക്കുന്നു. എന്നാല്‍ ചില പിഴവുകള്‍ സംഭവിച്ചു. ദുരുദ്യേശത്തോടെയല്ലെങ്കിലും പിഴവുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്', ഋഷി സുനക് കൂട്ടിച്ചേർത്തു.
ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷി സുനക്കിനെ ബ്രിട്ടന്റെ പ്രധാനമന്ത്രിയായി നിയമിച്ചത്.1980 മെയ് 12 ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജനിച്ച സുനക് 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ്. യുകെയിലെ 2015 ലെ പൊതുതെരഞ്ഞെടുപ്പിൽ റിച്ച്മണ്ടിൽ നിന്ന് സുനക് വിജയിച്ചു. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ രണ്ടാം ടേമിൽ പാർലമെന്റ് അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 2015 മുതൽ 2017 വരെ രണ്ട് വർഷക്കാലം ഊർജം, വ്യാവസായിക വകുപ്പിൽ പരിസ്ഥിതി, ഭക്ഷണം, ഗ്രാമകാര്യ സെലക്ട് കമ്മിറ്റി അംഗവും പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയുമായിരുന്നു ഋഷി സുനക്. പിന്നീട്, 2019 ൽ ബോറിസ് ജോൺസൺ സർക്കാരിന് കീഴിൽ ട്രഷറി ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ബ്രിട്ടന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ സ്ഥാനമായി കണക്കാക്കുന്ന ചാൻസലർ ഓഫ് ദി എക്സ്ചെക്കറായി സുനകിന് 2020ൽ സ്ഥാനക്കയറ്റം ലഭിച്ചു.