
വാഷിംഗ്ടൺ: യു.എസ് മുൻ ഡിഫൻസ് സെക്രട്ടറി ആഷ്‌ടൺ കാർട്ടർ (68) അന്തരിച്ചു. ബോസ്റ്റണിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് കുടുംബം ഇന്നലെ അറിയിച്ചു. ബറാക് ഒബാമ ഭരണകൂടത്തിൽ 2015 ഫെബ്രുവരി മുതൽ 2017 ജനുവരി വരെയാണ് ആഷ്‌ടൺ ഡിഫൻസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്. സ്റ്റെഫനി ആണ് ഭാര്യ. ഏവ, വിൽ എന്നിവർ മക്കളാണ്. അഫ്ഗാനിലെ യു.എസ് സൈന്യത്തിന്റെ ഇടപെടലുൾപ്പെടെ തന്ത്രപ്രധാനമായ നടപടികളുടെ ഭാഗമായ അദ്ദേഹം മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചവരുന്ന ഐസിസ് സാന്നിദ്ധ്യത്തിനെതിരെയുള്ള ശ്രമങ്ങൾക്കും മേൽനോട്ടം വഹിച്ചു. ആഷ്‌ടണിന്റെ കാലയളവിൽ എല്ലാ യു.എസ് മിലിട്ടറി കോംബാക്റ്റ് പദവികളിലും വനിതകൾക്ക് അവസരമൊരുക്കുകയും പെന്റഗണിൽ ട്രാൻസ്ജെന്ററുകൾക്കുണ്ടായിരുന്ന വിലക്ക് നീക്കുകയും ചെയ്തു.