david

ലണ്ടൻ : ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റതിന് പിന്നാലെ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൺ വർഷങ്ങൾക്ക് മുമ്പ് നടത്തിയ പ്രവചനം വൈറലാകുന്നു. ട്വിറ്ററിലൂടെ ഋഷിയെ അഭിനന്ദിക്കുന്നതിനിടെ കാമറൺ തന്നെ ഇക്കാര്യം ഓർമ്മിപ്പിക്കുകയായിരുന്നു.

' ഈ പ്രതിസന്ധിഘട്ടത്തിൽ നമ്മളെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനകിന് ആശംസകൾ നേരുന്നു. നമ്മുടെ ആദ്യത്തെ ബ്രിട്ടീഷ് ഇന്ത്യൻ പ്രധാനമന്ത്രിയെ കൺസർവേറ്റീവുകൾ തിരഞ്ഞെടുക്കുമെന്ന് ഒരു ദശാബ്ദം മുന്നേ ഞാൻ പ്രവചിച്ചിരുന്നു. ഇന്ന് അത് യാഥാർത്ഥ്യമായിരിക്കുന്നു. ഋഷിയ്ക്ക് എല്ലാ പിന്തുണയും നേരുന്നു. " തന്റെ പ്രവചനത്തെ പറ്റി വർഷങ്ങൾക്ക് മുന്നേ ഒരു ഇന്ത്യൻ മാദ്ധ്യമത്തിൽ വന്ന ലേഖനം പങ്കുവച്ചുകൊണ്ട് കാമറൺ ട്വിറ്ററിൽ കുറിച്ചു.

2012ൽ കൺസർവേറ്റീവ് ഫ്രണ്ട്സ് ഒഫ് ഇന്ത്യ സംഘടനയുടെ പ്രഖ്യാപന വേളയിൽ കാമറൺ നടത്തിയ പ്രസംഗമായിരുന്നു ആ ലേഖനത്തിൽ. ' ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ( മാർഗ്രറ്റ് താച്ചർ ) നമ്മുടെ പാർട്ടിയിൽ നിന്നാണ്. ആദ്യ ജൂത പ്രധാനമന്ത്രി ( ബെഞ്ചമിൻ ഡിസ്രയേലി ) നമ്മുടെ പാർട്ടിയിൽ നിന്നാണ്. ഇപ്പോൾ എനിക്ക് പിന്നിലെ പ്രതിഭകളെ കാണുമ്പോൾ ആദ്യ ബ്രിട്ടീഷ് ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ പാർട്ടിയിൽ നിന്നാകുമെന്ന് ഞാൻ കരുതുന്നു " കാമറൺ അന്ന് പറയുകയുണ്ടായി.

2010 മേയ് മുതൽ 2016 ജൂലായ് വരെയാണ് ഡേവിഡ് കാമറൺ ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നത്. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കുന്നതിന് ( ബ്രെക്സിറ്റ് ) വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ ഡേവിഡ് കാമറൺ രാജിവയ്ക്കുകയായിരുന്നു.