mp-

ദമോഹ്: മദ്ധ്യപ്രദേശിൽ ദളിത് കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തി.ദമോഹ് ഗ്രാമത്തിൽ നടന്ന ദാരുണമായ സംഭവത്തിൽ അയൽവാസിയുടെ ഭാര്യയെ അപമാനിച്ചു എന്ന പേരിലുണ്ടായ തർക്കത്തെത്തുടർന്ന് അയൽവാസികൾ നടത്തിയ ആക്രമണത്തിലാണ് ദമ്പതികൾക്കും മകനും ജീവൻ നഷ്ടമായത്. ആക്രമിക്കപ്പെട്ട നാലംഗ കുടുംത്തിലെ ഒരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. മനക് അഹിർവാർ, പിതാവ് ഗമൻദി അഹിർവാർ (60) മാതാവ് രാജ് പ്യാരി (58) എന്നിവർ വെടിയേറ്റ് സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞതായാണ് വിവരം. സഹോദരനായ മഹേഷ് അഹിർവാറിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഹിർവാർ കുടുംബവും അയൽവാസികളായ പട്ടേൽ കുടുംബവും തമ്മിലുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം മുഖ്യ പ്രതിയായ ജഗ്ദീഷ് പട്ടേൽ തിങ്കളാഴ്ചയാണ് ഇരു കുടുംബങ്ങൾ തമ്മിലുള്ല തർക്കത്തിന് തുടക്കമിട്ടത്. ഇയാളുടെ ഭാര്യയെ മനക് അഹിർവാർ അപമാനിച്ചു എന്നാരോപിച്ച് നടന്ന തർക്കം നിയന്ത്രണ വിധേയമായെങ്കിലും പിന്നീട് ജഗ്ദീഷ് പട്ടേലും കുടുംബാംഗങ്ങളും അഹിർവാറിന്റെ വീട്ടിലേയ്ക്ക് ഇരച്ച് കയറുകയും നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ ജഗ്ദീഷ് പട്ടേലടക്കം ആറ് പേർക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്.