
കറാച്ചി : പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ടീമിന് സുരക്ഷയൊരുക്കിയ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. രാജ്യത്ത് പോളിയോ നിർമ്മാർജ്ജനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേരെയുണ്ടാകുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പിഷീൻ ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം.
അബ്ദുൾ ഹക്കീം എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. മോട്ടോർ ബൈക്കിലെത്തിയ ആയുധധാരികൾ ഇദ്ദേഹത്തിന് നേരെ നിറയൊഴിച്ചെന്നും ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചെന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. എന്നാൽ പാകിസ്ഥാനി താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളാകാം പിന്നിലെന്ന് കരുതുന്നു. ഇവർ ഇതിന് മുമ്പ് നിരവധി പോളിയോ വാക്സിനേഷൻ പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 25 ദശലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാൻ ഒരാഴ്ച നീളുന്ന കാമ്പെയ്ന് രാജ്യത്ത് തുടക്കം കുറിച്ചിരുന്നു. പോളിയോ ഒരു എൻഡെമിക് രോഗമായി ( ഒരു നിശ്ചിത പ്രദേശത്ത് കാണപ്പെടുന്നത് ) തുടരുന്ന രാജ്യങ്ങളാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും. രോഗത്തിനെതിരെ വാക്സിനേഷൻ കാമ്പെയ്നുകൾ നടത്താൻ സർക്കാർ ശ്രമം തുടരുമ്പോഴും തീവ്രവാദികൾ ആരോഗ്യ പ്രവർത്തകരെ അടക്കം ലക്ഷ്യംവയ്ക്കുന്നത് വെല്ലുവിളിയാകുന്നു. രാജ്യത്ത് വാക്സിനേഷനോട് വിമുഖത കാട്ടുന്നവർ നിരവധിയാണ്.
ഏപ്രിലിൽ നീണ്ട 15 മാസങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ വീണ്ടും പോളിയോ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുതൽ 20 പോളിയോ കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിട്ടുള്ളതെന്ന് സർക്കാരിന്റെ എൻഡ് പോളിയോ പാകിസ്ഥാൻ പ്രോഗ്രാം അധികൃതർ പറയുന്നു. കഴിഞ്ഞ മാസം ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ പോളിയോ വൈറസ് ബാധയെ തുടർന്ന് ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചിരുന്നു.