gun-violence

ന്യൂഡൽഹി: ദീപാവലി ആഘോഷത്തിനിടയിൽ നടന്ന വെടിവെപ്പിൽ നാല് പേർക്ക് പരിക്ക്. ഡൽഹിയിലെ കേശവപുരയിൽ ഇന്നലെ അർദ്ധരാത്രിയാണ് ആക്രമണമുണ്ടായത്. ദീപാവലി ആഘോഷത്തിനടയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് വെടിവെപ്പിന് കാരണമായത്. തർക്കത്തിനിടയിൽ വെടിയുതിർത്ത അരവിന്ദ് എന്ന പ്രദേശവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും തോക്കുകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഗുജറാത്തിലും സമാനമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ വഡോദരയിൽ പടക്കം പൊട്ടിക്കുന്നതിനെ കുറിച്ചുണ്ടായ തർക്കം രണ്ട് സമുദായക്കാർ തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. വഡോദരയിലെ പാനിഗേറ്റിൽ ഇന്നലെ അർദ്ധരാത്രിയുണ്ടായ സംഭവത്തിൽ ഇരു വിഭാഗത്തിലെ അംഗങ്ങളും തമ്മിൽ കല്ലേറ് റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ എത്തിയ പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായാണ് വിവരം. പ്രദേശത്തെ കടകളും വാഹനങ്ങളും അക്രമകാരികൾ തല്ലിത്തകർത്തു. പെട്രോൾ ബോംബ് എറിഞ്ഞതടക്കം 19 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.