usa

വാഷിംഗ്ടൺ : എക്കാലത്തെയും വലിയ ദീപാവലി ആഘോഷത്തിന് സാക്ഷ്യം വഹിച്ച് യു.എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. തിങ്കളാഴ്ച നടന്ന ആഘോഷങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും പങ്കാളികളായി. ബൈഡൻ ഭരണകൂടത്തിലെ ഇന്ത്യൻ വംശജരെല്ലാം ആഘോഷങ്ങളുടെ ഭാഗമായി. ' നിങ്ങൾക്ക് ആതിഥേയത്വം ഒരുക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

വൈറ്റ്‌ഹൗസിൽ ഇത്രയും വലിയ ഒരു ദീപാവലി ആഘോഷം ആദ്യമാണ്. ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്തവണ്ണം ഏറ്റവും കൂടുതൽ ഏഷ്യൻ അമേരിക്കക്കാർ ഇന്ന് നമുക്കുണ്ട്. ദീപാവലി ആഘോഷത്തെ അമേരിക്കൻ സംസ്കാരത്തിന്റെ സന്തോഷപൂർണമായ ഭാഗമാക്കിയതിൽ നിങ്ങൾക്ക് നന്ദിയറിയിക്കുന്നു " വൈറ്റ് ഹൗസിലെ ആഘോഷങ്ങൾക്കിടെ ബൈഡൻ പറഞ്ഞു. യു.എസ് പ്രഥമ വനിത ജിൽ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും യു.എസിലെ ഏഷ്യൻ അമേരിക്കൻ വംശജർക്ക് ദീപാവലി ആശംസകൾ നേർന്നു.

യു.എസിൽ ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഭരണകൂടത്തിലെ സുപ്രധാന പദവികളിൽ 130ലേറെ ഇന്ത്യൻ വംശജർ നിയമിക്കപ്പെട്ടെന്നാണ് കണക്കുകൾ. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലത്ത് 80ലേറെ ഇന്ത്യൻ അമേരിക്കൻ വംശജരെയാണ് സുപ്രധാന പദവികളിൽ നിയമിച്ചിരുന്നത്.

നിലവിൽ യു.എസ് ജനപ്രതിനിധി സഭയിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 40ലേറെ ഇന്ത്യൻ വംശജർ വിവിധ സംസ്ഥാന, ഫെഡറൽ തലങ്ങളിൽ ഉന്നത പദവി വഹിക്കുന്നുണ്ട്. റൊണാൾഡ് റീഗന്റെ കാലത്താണ് യു.എസ് ഭരണകൂടത്തിലേക്ക് ആദ്യമായി ഇന്ത്യൻ വംശജരെ നിയമിച്ചത്.