mallikarjun-kharge

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ഇന്ന് ചുമതലയേൽക്കുന്നു. രാവിലെ പത്തരയ്ക്ക് എ ഐ സി സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സോണിയാ ഗാന്ധിയിൽ നിന്ന് ഖാർഗെ അധികാരം ഏറ്റുവാങ്ങും. പിന്നാലെ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ ഖാർഗെയ്ക്ക് ആശംസകൾ അറിയിക്കും.

അധികാരമേറ്റതിന് പിന്നാലെ പതിനൊന്നരയ്ക്ക് ചേരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാർഗെ നേതൃത്വം നൽകും. അദ്ധ്യക്ഷപദവിയിൽ എത്തിയതിന് ശേഷം ഖാർഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.

തിരഞ്ഞെടുപ്പിൽ എണ്ണായിരത്തിനടുത്ത് വോട്ടുകൾ നേടി വിജയിച്ചാണ് ഖാർഗെ അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. 1072 വോട്ടുകളായിരുന്നു എതിർ സ്ഥാനാർത്ഥിയായ ശശി തരൂർ നേടിയത്. 2014ന് ശേഷമാണ് കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാവായി ഖാർഗെ മാറിയത്. ലോക്‌സഭാ നേതാവ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളിലിരുന്ന് പാർലമെന്റിലും ദേശീയ രാഷ്‌ട്രീയത്തിലും അദ്ദേഹം നിർണായക പദവികൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.

2024ൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ഖാർഗെ എന്തു സംഭാവന നൽകുമെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം. ഗാന്ധി കുടുംബം തങ്ങളുടെ വിശ്വസ്‌തനിലൂടെ തുടർന്നും കടിഞ്ഞാൺ കൈയിൽ വയ്‌ക്കുമോ എന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ആകാംക്ഷയുണ്ട്. എന്നാൽ ഖാർഗെ സ്വന്തം നിലയിൽ പാർട്ടിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് പറയുന്നവരും പാർട്ടിയിലുണ്ട്. ഖാർഗെയ്‌ക്ക് പാർട്ടിയിൽ മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോ. ശശി തരൂരിന്റെ പ്രധാന ആരോപണം. എന്നാൽ ഔദ്യോഗിക വിഭാഗം ആഗ്രഹിച്ചതുപോലെ ഖാർഗെ വൻ വിജയം നേടിയപ്പോൾ ഈ ചോദ്യം വീണ്ടും ഉയരുകയാണ്.