jamesha-mubin

ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ചാവേർ ആക്രമമെന്ന സംശയം ഉറപ്പിക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി വിവരം. സ്‌ഫോടനത്തിന്റെ തലേദിവസം ജമേഷ മുഹമ്മദ് തന്റെ വാട്‌‌‌സാപ്പ് സ്റ്റാറ്റസാക്കിയ വാചകമാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്.

'തന്റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം. സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം' എന്നിങ്ങനെയാണ് സ്റ്റാറ്റസിലെ വാചകങ്ങൾ. എന്നാലിത് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ഉക്കടം ജി.എം നഗർ സ്വദേശിയും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ ജമീഷ മുബീന്റെ മൃതദേഹത്തിൽ കത്താൻ സഹായിക്കുന്ന രാസലായനികളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി സൂചന ലഭിച്ചിരുന്നു. ഇതും സ്ഫോടനം ചാവേർ ആക്രമമാണെന്ന് പൊലീസ് സംശയിക്കാൻ കാരണമാണ്. ജമീഷയുടെ ശരീരത്തിൽ രാസലായനികളുടെ സാന്നിദ്ധ്യം കണ്ടെത്തിയ പതിമൂന്ന് ഭാഗങ്ങൾ പ്രത്യേക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന് ശേഷം മാത്രമേ സ്ഥിരീകരണം നടത്താൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതികൾ വൻ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായി സ്ഥിരീകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്. ജമീഷയുടെ വീട്ടിൽ നടന്ന പരിശോധനയിൽ ചില നിർണായക രേഖകൾ കണ്ടെത്തി. ഇതിൽ നഗരത്തിലെ ചില ക്ഷേത്രങ്ങളുടെ പേരുവിവരങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ ഉണ്ടെന്നാണ് വിവരം. ജമീഷയുടെ വീട്ടിൽ നിന്ന് 75 കിലോയോളം വരുന്ന, സ്ഫോടനങ്ങൾക്ക് ഉപയോഗിക്കുന്ന രാസചേരുവകൾ കണ്ടെത്തിയിരുന്നു.