fire-

പോത്തൻകോട്: കല്യാണാലോചന മുടങ്ങിയതിൽ മനംനൊന്ത തൃശൂർ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തെ യുവതിയുടെ വീടിന് മുന്നിലെത്തി പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. തൃശൂർ സ്വദേശി ശ്യാംപ്രകാശിനെ (32) ഗുരുതരമായി പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

യുവതി വിവാഹമോചിതയും ഒരു കുഞ്ഞിന്റെ മാതാവുമാണ്. ശ്യാമിന്റെ വിവാഹ മോചനക്കേസുകൾ നടക്കുകയാണ്. പോത്തൻകോട് വേങ്ങോട് മലമുകളിലായിരുന്നു സംഭവം. ടെക്‌നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ ശ്യാം പ്രകാശും പോത്തൻകോട് സ്വകാര്യ ആശുപത്രി ലാബിലെ ടെക്നീഷ്യയായ യുവതിയും ഫോൺവഴിയാണ് പരിചയപ്പെട്ടതെന്നാണ് വിവരം. രണ്ട് വർഷത്തിലേറെയായി ഇരുവരും അടുപ്പത്തിലായിരുന്നു.

തുടർന്ന് വിവാഹാലോചനയുമായി ശ്യാംപ്രകാശിന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ ശ്യാമിന്റെ സ്വഭാവത്തെപ്പറ്റി അന്വേഷിച്ച യുവതിയുടെ രക്ഷിതാക്കൾ വിവാഹത്തിന് വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് യുവതിയുടെ വീടിന് മുന്നിൽ ബൈക്കിലെത്തിയ ശ്യാംപ്രകാശ് കന്നാസിൽ കരുതിയ പെട്രോൾ ദേഹത്തൊഴിച്ചു തീ കൊളുത്തിയത്. പൊള്ളലേറ്റ് വഴിയിൽ കിടന്ന ശ്യാംപ്രകാശിനെ പോത്തൻകോട് പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.