
ടെഹ്റാൻ: 50 വർഷമായി കുളിക്കാതെ ജീവിച്ച 'ലോകത്തിലെ ഏറ്റവും വൃത്തിഹീന'നായ മനുഷ്യൻ അന്തരിച്ചു. ഇറാൻകാരനായ അമൗ ഹാജിയാണ് 94ാം വയസിൽ മരണപ്പെട്ടത്. ഒരു വിദേശ മാദ്ധ്യമമാണ് ഇയാളുടെ മരണവാർത്ത പുറത്തുവിട്ടത്.
വർഷങ്ങളായി കുളിക്കാത്തത് തന്റെ ആരോഗ്യത്തിന് വേണ്ടിയാണെന്നാണ് ഇയാൾ വാദിച്ചിരുന്നത്. വർഷങ്ങളോളം വെള്ളമോ, സോപ്പോ ഉപയോഗിച്ചിരുന്നില്ല.ഗ്രാമവാസികൾ പല തവണ കുളിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഹാജി സമ്മതിച്ചിരുന്നില്ല. കുളിച്ചാൽ തനിക്ക് അസുഖങ്ങൾ വരുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഇയാൾ വിശ്വസിച്ചിരുന്നത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ഗ്രാമവാസികൾ ചേർന്ന് ഇയാളെ കുളിപ്പിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പതിറ്റാണ്ടുകളോളം കുളിക്കാതിരുന്ന് കുളിച്ചതിന് പിന്നാലെ രോഗബാധിതനായ ഹാജി ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മരിച്ചത്.
ചത്ത് ചീഞ്ഞ മൃഗ മാംസവും പഴയ എണ്ണ കാനിൽനിന്നുള്ള വൃത്തിഹീനമായ വെള്ളവുമായിരുന്നു ഇയാൾ സ്ഥിരം കഴിച്ചുകൊണ്ടിരുന്നത്. പുകവലിക്ക് അടിമയായിരുന്നു. ചെറുപ്പകാലത്തുണ്ടായ മോശം അനുഭവങ്ങളാണ് ഹാജിയുടെ ഇത്തരമൊരു ശീലത്തിന് കാരണമെന്നാണ് റിപ്പോർട്ട്.