sivakumar-

പൊന്നാനി: പൊന്നാനിയിലെ ഹാപ്പിനസ് സെന്ററിന്റെ കരുതലിൽ തെരുവിലെ അലച്ചിലിന് അറുതിയിട്ട് ഒരാൾ കൂടി വീടിന്റെ സന്തോഷത്തിലേക്ക്. ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി ശിവകുമാർ സ്വന്തം വീടിന്റെ തണലിൽ ഇനിയുള്ള കാലത്തെ ജീവിതം ജീവിച്ചു തീർക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി തെരുവിലെ അനാഥത്വത്തിനൊപ്പം അലഞ്ഞ ശിവകുമാർ കഴിഞ്ഞ ജൂലായിലാണ് ഹാപ്പിനസ് സെന്ററിന്റെ തണലിലേക്ക് മാറിയത്.

പൊന്നാനി ചന്തപ്പടിയിൽ അലഞ്ഞു നടക്കുകയായിരുന്ന ശിവകുമാറിനെ ഹാപ്പിനസ് സെന്ററിലേയും ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലേയും വളണ്ടിയർമാർ ചേർന്ന് തൃക്കാവിലെ സെന്ററിലേക്കെത്തിക്കുകയായിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയും മുഷിഞ്ഞ വസ്ത്രം ധരിച്ചും വ്യത്തിഹീനമായ അവസ്ഥയിലായിരുന്നു ഇയാൾ. കൃത്യമായ ചികിത്സയും പരിചരണവും നൽകിതോടെ അതിവേഗ മാറ്റമാണ് പ്രകടമാക്കിയത്. അൽഷിമേഴ്സിനൊപ്പം മാനസിക വിഭ്രാന്തി കൂടിയുണ്ടായിരുന്നു ഇയാൾക്ക്. തെലുങ്ക് ഭാഷയാണ് സംസാരിക്കുന്നതെന്ന് മനസ്സിലാക്കിയ ഹാപ്പിനസ് സെന്റർ പ്രവർത്തകർ തെലുങ്ക് അറിയാവുന്നവരെ കൊണ്ടുവന്ന് വിവരങ്ങൾ ആരാഞ്ഞു.

ശിവകുമാർ നെല്ലൂരിൽ പൊലീസ് ഓഫീസറായിരുന്നുവെന്ന് സംസാരത്തിനൊടുവിൽ തിരിച്ചറിഞ്ഞു. ഇതേ തുടർന്ന് ഹാപ്പിനസ് സെന്ററിന്റെ നടത്തിപ്പ് പങ്കാളികളായ ദി ബാനിയന്റെ സഹകരണത്തോടെ നെല്ലൂരിൽ ശിവകുമാറിനെ കുറിച്ച് വിശദമായി അന്വേഷിക്കുകയും തിരിച്ചറിയുകയും ചെയ്തു. ശിവകുമാറിനെ ഈ മാസം 28ന് നെല്ലൂർ എസ്.പി ഓഫീസിലെത്തിക്കും. ഇവിടെ നിന്ന് കുടുംബത്തിന് കൈമാറും.

ഹാപ്പിനെസ് സെന്ററിൽ നിന്ന് ലഭിച്ച മാനസികാരോഗ്യ ചികിത്സയിൽ വലിയ മാറ്റമാണ് ശിവകുമാറിനുണ്ടായതെന്ന് സെന്ററിലെ ഡോക്ടർ വിലയിരുന്നു. ഒരു മാസം മുൻപ് ശിവകുമാറിന്റെ നാടും വീടും കണ്ടെത്തിയിരുന്നെങ്കിലും ചികിത്സ പൂർത്തിയാകാൻ കാത്തിരിക്കുകയായിരുന്നു. സെന്റർ കോഓർഡിനേറ്റർ ഷ്യാപിൻ ഭാസ്‌ക്കറിനൊപ്പമാണ് ശിവകുമാർ സ്വന്തം നാട്ടിലേക്ക് തിരിക്കുക. അവിടെ നിന്ന് ദി ബാനിയന്റെ പ്രവർത്തകർ ഒപ്പം ചേരും.

പൊന്നാനി നഗരസഭയുടെ കീഴിൽ ദി ബാനിയന്റെയും ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും സഹകരണത്തോടെ ആറ് മാസം മുൻപാരംഭിച്ച ഹാപ്പിനസ് സെന്ററിന്റെ പരിചരണത്തിൽ നാലാമത്തെയാളാണ് തെരുവിൽ നിന്ന് വീടിന്റെ സന്തോഷത്തിലേക്കെത്തുന്നത്. ഇതിൽ അന്യസംസ്ഥാനക്കാരനായ രണ്ടാമത്തെയാളാണ് ശിവകുമാർ. നേരത്തെ ഒറീസ സ്വദേശിയായ രാജു ദഹൂലിയെ സാധാരണ മനുഷ്യനാക്കി വീട്ടിലേക്കെത്തിച്ചിരുന്നു. വർഷങ്ങളായി തെരുവിൽ അലയുകയായിരുന്നു രാജു ദഹൂലി. പൊന്നാനിയിൽ നിന്ന് കണ്ടെത്തിയ ഇയാളെ ചികിത്സയും പരിചരണവും പൂർത്തിയാക്കിയാണ് ഒറീസയിലെ കുഗ്രാമത്തിലുള്ള വീട്ടിലേക്കെത്തിച്ചത്. വീടണഞ്ഞ മറ്റു രണ്ടു പേർ മലയാളികളാണ്. മറ്റു രണ്ടു പേരെ തുടർചികിത്സക്കായി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

മാനസിക അസ്വസ്ഥതകൾ കാരണം തെരുവിൽ അലയുന്നവരെ ചികിത്സ നൽകി പരിചരിച്ച് വീടുകളിലേക്ക് തിരിച്ചെത്തിക്കുന്ന കേന്ദ്രമാണ് പൊന്നാനി ഹാപ്പിനെസ് സെന്റർ എന്ന എമർജൻസി കെയർ റിക്കവറി സെന്റർ. കൊവിഡ് കാലത്ത് തെരുവിലലയുന്നവരെ കണ്ടെത്തി അവർക്ക് ക്യാമ്പൊരുക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന പദ്ധതി നഗരസഭ നടപ്പാക്കിയിരുന്നു. ഇതിൽ നിന്നാണ് ഇ.സി.ആർ.സി ആരംഭിക്കാൻ ആലോചനയുണ്ടായത്. പദ്ധതിക്കായി കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത് നഗരസഭയാണ്. അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നത് പാലിയേറ്റീവ് ക്ലിനിക്കാണ്. ദി ബനിയനാണ് നടത്തിപ്പിന്റെ മേൽനോട്ടം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്‌നേഹക്കൂട് പദ്ധതിയുടെ നടത്തിപ്പുകാരാണ് ദി ബനിയൻ.