neelakurunji-

കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി വസന്തം ആസ്വദിച്ചത് രണ്ട് ലക്ഷത്തിലധികം പേർ. കൃത്യമായ കണക്ക് ശേഖരിക്കാൻ അധികൃതർക്കായിട്ടില്ലെങ്കിലും ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി മാത്രം എത്തിയത് 40,424 സഞ്ചാരികളാണ്. ഇത് കൂടാതെ പാസെടുക്കാതെ മൊട്ടക്കുന്ന് കയറിപോയവരും നിരവധിയാണ്.

ശാന്തമ്പാറ പഞ്ചായത്ത് ഏർപ്പെടുത്തിയ ടിക്കറ്റ് കൗണ്ടറിലെ കണക്കനുസരിച്ചാണിത്. ഈ മാസം രണ്ടിനാണ് നീലക്കുറിഞ്ഞി പൂവിട്ട വിവരം വാർത്തകളിൽ ഇടംപിടിക്കുന്നത്. പിന്നീടങ്ങോട്ട് ഇത് സോഷ്യൽമീഡിയയിൽ വലിയ ആഘോഷമാക്കി. മാദ്ധ്യമങ്ങളെല്ലാം പതിവായി വാർത്തകൾ നൽകിയതോടെ സഞ്ചാരികളുടെ പ്രവാഹമായി. അടുത്തിടെ സ്ഥലത്ത് തിരക്ക് കൂടിയതോടെ ജില്ലാ കളക്ടറും പൊലീസും ഇടപെട്ട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ശക്തമായ മഴയും മഞ്ഞും എല്ലാം അവഗണിച്ചാണ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് പോലും സഞ്ചാരികൾ ഇങ്ങോട്ട് ഒഴുകിയെത്തുന്നത്. പ്രതികൂല കാലാവസ്ഥ നേരത്തെ സഞ്ചാരികളുടെ കടന്ന് വരവിനെ ബാധിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ കുറയുകയും ചെയ്തതോടെ സഞ്ചാരികളുടെ എണ്ണം കൂടി. കള്ളിപ്പാറയ്ക്ക് പുറമെ ചതുരംഗപ്പാറയിലും കുറിഞ്ഞി പൂത്തതോടെ ടൂറിസം മേഖലയ്ക്ക് ഇനിയും കൂടുതൽ പ്രതീക്ഷ നൽകുന്നു. പ്രതിസന്ധിയിൽ തകർന്ന വ്യാപാര മേഖലയ്ക്കും ഓട്ടോറിക്ഷ- ടാക്‌സി മേഖലയ്ക്കും സഞ്ചാരികളുടെ വരവ് ഉണർവ്വേകി. കൂടാതെ പ്രതിസന്ധികളിൽ നട്ടം തിരിഞ്ഞ കെ.എസ്.ആർ.ടി.സിയ്ക്കും ട്രിപ്പ് വഴി സാമ്പത്തിക നേട്ടമുണ്ടായി. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കുറിഞ്ഞിമലയിലേയ്ക്ക് കെ.എസ്.ആർ.ടി.സി വഴിയാണ് സഞ്ചാരികളെ എത്തിച്ചത്. ഒപ്പം ഇ- ടോയ്‌ലറ്റുകൾ എത്തിച്ച് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി. വനം വകുപ്പ് കുറിഞ്ഞി സംരക്ഷണത്തിനായി നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചു. വാച്ചർമാരെ നിരീക്ഷണത്തിനായി ഏർപ്പെടുത്തി. പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കടത്തിവിടാതെ പരിശോധനകളും കൃത്യമാക്കി.

പൊലീസ് പ്രധാന കവലകളിൽ ഗതാഗത നിയന്ത്രണവും മാർഗനിർദേശങ്ങളും നൽകാൻ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ ഇടപെടലിൽ കുറിഞ്ഞി മലകളിൽ കൂടുതൽ പദ്ധതികൾ ഏർപ്പെടുത്തിയാൽ ടൂറിസത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കും. എന്നാൽ ആദ്യമൊന്നും കുറിഞ്ഞി പൂവിട്ടതിനെ കൃത്യമായി ശ്രദ്ധിക്കാനോ വേണ്ട ക്രമീകരണം എർപ്പെടുത്താനോ പഞ്ചായത്ത്, വനംവകുപ്പ് അധികൃതർ തയ്യാറായിരുന്നില്ല. പൂക്കാലം മഴ ശക്തമാകുന്നത് വരെ നിൽക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. കൊവിഡിന് ശേഷം ഇത്രയും അധികം സഞ്ചാരികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ടൂറിസം മേഖലയിലെവിടെയും എത്തിയിട്ടില്ല.