
തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ വീണ്ടും പ്രതീക്ഷയോടെ ദേശീയ ജലപാതയിലെ നിർമ്മാണജോലികൾ ആരംഭിച്ചു. വേളി മുതൽ പള്ളിത്തുറ വരെയുള്ള പാർവതി പുത്തനാറിന്റെ നാല് കിലോമീറ്ററോളം വരുന്ന ഭാഗത്തെ നവീകരണ നിർമ്മാണ പ്രവൃത്തികളാണ് ആരംഭിച്ചത്.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പ് നിശ്ചയിച്ച പ്രകാരമുള്ള 35 മീറ്റർ വീതിയിലാണ് ജലപാതയുടെ നിർമ്മാണം. 25 മീറ്റർ വീതിയിൽ പുത്തനാറിന്റെ ആഴം വർദ്ധിപ്പിച്ച് ജലപാതയൊരുക്കും. 5 മീറ്റർ വീതിയിൽ ഇരുഭാഗത്തും റോഡുകൾ നിർമ്മിക്കാനും പദ്ധതിയുണ്ട്.
പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ പനത്തുറ, പുത്തൻപാലം, സെന്റ് ആൻഡ്രൂസ്, കരിക്കകം എന്നിവിടങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. കോവളം മുതൽ വർക്കല വരെയുള്ള ഭാഗത്തു നിന്ന് പുനരധിവസിപ്പിക്കുന്നവർക്ക് 214 കോടി രൂപയുടെ പുനരധിവാസ പാക്കേജ് കിഫ്‌ബിവഴി നൽകും.
ജലപാതയുടെ ചരിത്രം
രാജഭരണകാലത്ത് കോവളം മുതൽ ഷൊർണൂർ വരെ നീളുന്ന ജലപാത നിലവിലുണ്ടായിരുന്നു (ടി.എസ് കനാൽ ). വള്ളക്കടവ് മുതൽ വർക്കലകുന്ന് വരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയായിരുന്നു അത്.
പദ്ധതി ഇങ്ങനെ
ജലപാതയുടെ ഇപ്പോഴത്തെ നവീകരണത്തിന് കിഫ്ബിയിൽ നിന്ന് 6000 കോടി രൂപ ചെലവഴിച്ചുള്ള ബൃഹദ് പദ്ധതിയാണ് നടപ്പാക്കുന്നത്. 2451.24 കോടി രൂപ ഇതിനകം കിഫ്ബി അനുവദിച്ചു. മൂന്ന് ഘട്ടങ്ങളിലായി 616 കിലോമീറ്റർ ദൂരത്തിലാണ് ജലപാത യാഥാർത്ഥ്യമാകുന്നത്. ഇതിൽ 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം പൂർത്തിയാക്കാനാണ് പദ്ധതി. 2024 –25 ൽ 80 കിലോമീറ്ററും 2025-26 ൽ 61 കിലോമീറ്ററും പൂർത്തീകരിക്കും. നീളത്തിൽ ഏഷ്യയിൽ രണ്ടാം സ്ഥാനമുള്ള നിയുക്ത ജലപാത 2025ൽ പൂർണമായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. സിയാലും സംസ്ഥാന സർക്കാരും ചേർന്ന സംയുക്ത സംരംഭമായ കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (ക്വിൽ) നാണ് നിർമ്മാണച്ചുമതല. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെക്കൂടി വെസ്റ്റ് കോസ്റ്റ് കനാൽ ബന്ധിപ്പിക്കുന്നുണ്ട്. ഇവയ്‌ക്ക് സമീപത്തെ ജലാശയങ്ങളും പദ്ധതിയുടെ ഭാഗമാക്കും.അനധികൃത താമസക്കാരുടെ പുനരധിവാസം, പാലങ്ങളുടെ പുനർനിർമാണം, കനാലിന്റെ ആഴംകൂട്ടൽ, ബോട്ട് ജെട്ടി നിർമാണം എന്നിവയ്ക്കും പദ്ധതി ഊന്നൽ നൽകുന്നുണ്ട്.
ജലപാതയുടെ നീളം - 616 കിലോ മീറ്റർ