
ഷിംല: ഹിമാചൽ പ്രദേശിൽ വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് വനിത അറസ്റ്റിൽ. ബുദ്ധ വിഹാരത്തിൽ മതപഠന ക്ലാസുകൾ എടുത്തിരുന്ന യുവതിയാണ് പിടിയിലായത്. ഇവരിൽ നിന്നും ആറര ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. നേരത്തേ ഡൽഹിയിലും വ്യാജ രേഖകളുമായി കഴിഞ്ഞിരുന്ന ചൈനീസ് യുവതി പിടിയിലായിരുന്നു. ടിബറ്റൻ ബുദ്ധസന്ന്യാസിയുടെ വേഷത്തിൽ രണ്ട് വർഷമായി ഡൽഹിയിൽ കഴിയുകയായിരുന്നു ഇവർ.
അഭയാർത്ഥിയായി കഴിഞ്ഞിരുന്ന യുവതി കേന്ദ്രസർക്കാരിലെ ഉദ്യോഗസ്ഥരുമായും ചില സന്നദ്ധ സംഘടനകളുമായും ബന്ധം പുലർത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ തന്ത്രപ്രധാനമായ ചില വിവരങ്ങൾ ചോർത്താൻ ഇവർ ശ്രമിച്ചെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അഭയാർത്ഥി എന്ന വ്യാജേന താമസിക്കുമ്പോൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിൽ പങ്കെടുത്തതിലും അന്വേഷണ ഏജൻസിക്ക് സംശയമുണ്ട്. 2019ൽ ചൈനീസ് പാസ്‌പോർട്ടിൽ ഇന്ത്യയിലേയ്ക്ക് എത്തിയ ഇവർ പിന്നീട് 2020ൽ നേപ്പാൾ സ്വദേശിനിയെന്ന വ്യാജ പാസ്‌പോർട്ടിലാണ് ബീഹാറിലൂടെ ഡൽഹിയിലേയ്ക്ക് എത്തുന്നത്. ചോദ്യം ചെയ്യലിനിടെ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചില നേതാക്കൾ തന്നെ കൊല്ലാൻ ലക്ഷ്യമിട്ടതായും ഇവർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കമാണിതെന്നാണ് പൊലീസ് കരുതുന്നത്.