
ന്യൂയോർക്ക്: ദീപാവലി ദിവസം മൂന്ന് ഇന്ത്യൻ വംശജരെ വൈറ്റ് ഹൗസിലേക്ക് പ്രത്യേകം ക്ഷണിച്ച പ്രസിഡന്റ് ജോ ബൈഡന്റെ നിലപാടിന് പ്രശംസാപ്രവാഹം. അമേരിക്കൻ പൗരത്വമുള്ളവരാണെങ്കിലും ഇന്ത്യക്കാരായ നിരവധി കുട്ടികൾ പുറത്താക്കൽ ഭീഷണി നേരിടുന്നുണ്ട്. ഡി.എൽ.സി.എ (ഡിഫേർഡ് ആക്ഷൻ ലീഗൽ ചൈൽഡ്‌ഹുഡ് അറൈവൽസ്) എന്നാണ് ഇവർ അറിയപ്പെടുന്നത്. രണ്ട് ലക്ഷത്തിലധികം പേർ ഇത്തരത്തിൽ അമേരിക്കയിലുണ്ടെന്നാണ് വിവരം. ഈ വിഭാഗത്തിൽ പെടുന്ന മൂന്ന് പേരെയാണ് ബൈഡൻ ദീപാവലി ആഘോഷരാവിൽ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്.

ഇംപ്രൂവ് ദി ഡ്രീം എന്ന സംഘടനയുടെ സ്ഥാപകൻ ദീപ് പട്ടേൽ, പരീൺ മപ്‌ത്രേ, അതുല്യ രാജകുമാർ എന്നിവരായിരുന്നു ബൈഡന്റെ അതിഥികൾ. പ്രസിഡന്റിന്റെ അതിഥികളായി ദീപാവലി ദിനത്തിൽ വൈറ്റ് ഹൗസിൽ എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും, തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് അധികം വൈകാതെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മൂവരും പ്രതികരിച്ചു.
മാതാപിതാക്കളുടെ വിസയുടെ ആനുകൂല്യത്തിൽ അമേരിക്കയിൽ കഴിയുന്ന കുട്ടികൾക്ക് അതിന്റെ കാലാവധി കഴിയുമ്പോൾ പുറത്താക്ക ൽ ഭീഷണി നേരിടേണ്ടി വരുന്നു. ഡി.എൽ.സി.എ എന്നാണ് പിന്നീട് ഇവർ അറിയപ്പെടുക. ഇന്ത്യൻ വംശജരാണ് ഭീഷണി നേരിടുന്നതിൽ അധികവും.