
ആകാശം, ഭൂമി, വായു, അഗ്നി, ജലം എന്നീ പഞ്ചഭൂതങ്ങൾ നമ്മുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവ നമ്മുടെ ശരീരത്തിലും വീട്ടിലുമുണ്ട്. അതിനാൽ തന്നെ വാസ്തുശാസ്ത്ര മാനദണ്ഡങ്ങൾ പിന്തുടരുന്നവർക്ക് പഞ്ചഭൂതങ്ങൾ ഗുണകരമാവുകയും വീട്ടിലേയ്ക്ക് ഐശ്വര്യം കൊണ്ടുവരുമെന്നുമാണ് വിശ്വാസം. നമുക്ക് ഊർജം നൽകുന്ന പഞ്ചഭൂതങ്ങൾക്ക് പരസ്പരം പിന്തുണ ആവശ്യമുള്ള ഒരു സ്ഥലമാണ് വീട്ടിലെ അടുക്കള. അതിനാൽ വാസ്തുശാസ്ത്രപ്രകാരം അടുക്കളയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സമ്പത്തും ഐശ്വര്യവും ആരോഗ്യവും ലഭിക്കുമെന്നാണ് വിശ്വാസം.
അടുക്കളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ഗ്യാസ് അടുപ്പാണെങ്കിലും വിറകടുപ്പാണെങ്കിലും പാചകം ചെയ്യുന്നത് കിഴക്ക് ദിശയ്ക്ക് അഭിമുഖമായി നിന്നുവേണം.
2. ജലത്തിന്റെ ദിശയാണ് വടക്ക്. അതിനാൽ കുടിക്കാനുള്ള വെള്ളം ആ ഭാഗത്ത് വേണം സൂക്ഷിക്കാൻ. ഈ സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും മറക്കരുത്.
3. പാത്രം കഴുകുന്ന സിങ്കും അടുപ്പും എതിർ ദിശയിൽ വരുന്നത് ഒഴിവാക്കുക. കൂടാതെ ഇവ തമ്മിൽ ആവശ്യത്തിനുള്ള വ്യത്യാസവും ഉണ്ടായിരിക്കണം. ഇവ രണ്ടും അടുത്തടുത്ത് വരുന്ന രീതിയിലാണ് ഇപ്പോഴുള്ളതെങ്കിൽ അവയ്ക്കിടയിൽ ഒരു മറ വയ്ക്കാൻ ശ്രദ്ധിക്കുക.
4. ഫ്രിഡ്‌ജ് പടിഞ്ഞാറ് ദിശയിൽ സൂക്ഷിക്കുക.
5. മൈക്രോവേവും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും അടുക്കളയുടെ തെക്ക് ദിശയിൽ സൂക്ഷിക്കുക.
6. പാത്രങ്ങൾ വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ വയ്ക്കുക.
7. ഭക്ഷണം കഴിക്കുന്ന മേശയുണ്ടെങ്കിൽ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഇടാവുന്നതാണ്.