
തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരവളപ്പിലെ ഒരു പ്രഭാതം. ചുറ്റിനുമുള്ള നടപ്പാതകളിലൂടെ ഞങ്ങൾ നടത്തം ആരംഭിച്ചു കഴിഞ്ഞു.
മൈക്കുമായി ഒരു പെൺകുട്ടിയും കാമറയുമായി ഒരു പയ്യൻസും പ്രവേശന കവാടത്തിൽ നിൽക്കുന്നതു കണ്ടു.
പെൺകൊടി കാമറയെ നോക്കി പറയുന്നു.
''ഇന്ന് വൃദ്ധദിനമാണ്. വൃദ്ധജനങ്ങൾ ധാരാളമായി എത്തുന്ന കനകക്കുന്നു കൊട്ടാരപരിസരത്താണ് ഞാൻ നിൽക്കുന്നത്. ഞങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് ധാരാളം വൃദ്ധജനങ്ങൾ ഇവിടെ നടക്കാൻ വരുന്ന രംഗമാണ് നമ്മൾ കാണുന്നത്......
അതാ അവിടെ സൂര്യയോഗ, ഒരൽപ്പം മാറി ചിരിയോഗ! അതു കഴിഞ്ഞ് വ്യായാമക്കസർത്ത്. എല്ലാം നല്ല പ്രായമായവർ. ഈ ദൃശ്യങ്ങളിൽ കാണുന്നതുപോലെ ഇവിടെ ചെറുപ്പക്കാരെക്കാൾ കൂടുതൽ വൃദ്ധജനങ്ങളെയാണു കാണുന്നത് ....
മുടങ്ങാതെ വ്യായാമം ചെയ്യാനെത്തുന്നവരാണ് അധികവും !
....
വൃദ്ധരായ പുരുഷന്മാരും സ്ത്രീകളും വളരെ സ്മാർട്ടായി നടന്നു നീങ്ങുന്ന രംഗമാണ് പ്രേക്ഷകർ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്...! '
പെട്ടെന്ന് കാമറാമാൻ പൂന്തോട്ടത്തിന്റെ മൂലയ്‌ക്കൊരു ബെഞ്ചിലിരിക്കുന്ന പ്രായം തോന്നിക്കുന്ന ഒരാളിലേക്ക് കാമറയുമായി നീങ്ങുന്നു.
പെൺകുട്ടി ഉത്സാഹത്തോടെ ആ വൃദ്ധന്റെ അരികിലേക്ക് പോകുന്നു. അയാളുടെ കരം ഗ്രഹിക്കുന്നു.
''അപ്പാപ്പന്റെ പേരെന്താണ്?''
''എന്റെ പേര് സുശീലൻ മുളകുവിള .''
' അടിപൊളി പേരാണല്ലോ......അപ്പാപ്പൻ എന്നും ഇവിടെ വരാറുണ്ടോ?'
' ഓ! '
''എത്ര റൗണ്ട് നടക്കും?'
' നടക്കാറില്ല ....ഞാനിവിടെ വെറുതേ നോക്കി ഇരിക്കേയുള്ളൂ..... '
' ഇപ്പോൾ നടക്കാൻ മേലാഞ്ഞിട്ടാണോ ?'
' മേല് കാഞ്ഞിട്ടൊന്നുമല്ല !
നടന്നുനടന്ന് എവിടെ പോവാനാണ് ? ശ്മശാനത്തേക്കോ ? '
പെൺകുട്ടിയുടെ മുഖത്ത് ജാള്യത. അതു മറയ്ക്കാൻ വെളുക്കെ ചിരിച്ചുകൊണ്ട് കാമറയിലേക്ക് നോക്കി പ്രേക്ഷകരോട്.
''അപ്പാപ്പൻ വലിയ തമാശക്കാരനാണെന്നു തോന്നുന്നു.... സ്ഥിരമായി ഇവിടെ വരുന്ന ആൾ എന്തായാലും മുമ്പ് നടത്തവും ചില വ്യായാമമുറകളും ചെയ്യാറുണ്ടായിരിക്കുമല്ലോ.... അപ്പാപ്പനോടു തന്നെ ചോദിക്കാം ......'
'അപ്പാപ്പാ.... ഏതൊക്കെ വ്യായാമ മുറകളാണ് സാധാരണയായി അപ്പാപ്പൻ ചെയ്യാറുള്ളത് ? പ്രേക്ഷകരുടെ അറിവിലേക്കാണ്.'
സുശീലൻ മുളകുവിള നീരസത്തോടെ പറഞ്ഞു.
''ഓ! ഞാനൊരു പൂട്ടിയും ചെയ്യാറില്ല.... എന്തരു പുല്ലിനാണ് മസിലുകൾ പെരുപ്പിക്കുന്നത്? ഒള്ളതുകൊണ്ട് കഴിഞ്ഞു പോയാ പോരേ?''
''ഈ പ്രായത്തിലും നല്ല ആരോഗ്യവാനായിട്ടാണല്ലോ തോന്നുക..... അപ്പാപ്പന്റെ ഭക്ഷണക്രമം ?'
' രാവിലെ വാസൂന്റെ കടയിൽ നിന്നും ഒരു കട്ടൻ കാപ്പി..... പിന്നെ എട്ട് മണിക്ക് ബംഗാളികൾ കഴിക്കുന്ന മദീന ഹോട്ടലിൽ നിന്നും പൊറോട്ടയും ബീഫും ! പിന്നെ വൈകുന്നേരം സെൽവന്റെ തട്ടുകടയിൽ പോയി ചായയും മുളകുവടയും ... രാത്രി തൊട്ടുകൂട്ടേയുള്ളൂ.....
' അപ്പോൾ അപ്പാപ്പൻ മദ്യം കഴിക്കാറുണ്ടോ?'
' ഞാൻ ദിവസവും മിനിമം രണ്ട് പൈന്റ് അടിക്കും.'
പെൺകുട്ടി : ഓ! ദാറ്റീസ് ഗ്രേറ്റ്..... പൊറോട്ടയും ബീഫും മുളകു വടയും പൈന്റുമൊക്കെ കഴിച്ചിട്ടും ഇത്രയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നല്ലോ.
........... പിന്നെ മറ്റെന്തൊക്കെ സുശീലങ്ങളാണുള്ളത്?
''ഞാൻ പുകവലിക്കും, കിട്ടിയാൽ കഞ്ചാവും.''
പെൺകുട്ടി പ്രേക്ഷകരോട് കാമറയിൽ നോക്കി പറയുന്നു.
''ഇതു തീർത്തും അവിശ്വസനീയമാണ്..... ജങ്ക് ഫുഡ് കഴിച്ചും വ്യായാമം ചെയ്യാതെയും സ്ഥിരമായി മദ്യപിച്ചും പുകവലിച്ചും ഇടയ്ക്കിടെ കഞ്ചാവു വലിച്ചും ഇത്രയും പ്രായമായിട്ടും ആരോഗ്യം സൂക്ഷിക്കുക എന്നാൽ അതൊരത്ഭുതം തന്നെയാണ്. ഈ വയോജനദിനത്തിൽ നിങ്ങൾക്കായി വേറിട്ടൊരു വ്യക്തിയെ പരിചയപ്പെടുത്താൻ സാധിച്ചതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്... നമ്മുടെ പ്രിയപ്പെട്ട വന്ദ്യവയോധികൻ ശ്രീ. സുശീലൻ മുളകുവിളയാണ് ഇന്നത്തെ നമ്മുടെ താരം! ഇത്രയും കാര്യങ്ങൾ നമ്മുടെ ബട്ടർഫ്ലൈ ടിവിയുമായി പങ്കുവച്ചതിന് അപ്പാപ്പൻ സുശീലന് നന്ദി. എന്റെ വക ഒരു ചക്കരയുമ്മയും...(ഉമ്മ കൊടുക്കുന്നു)
അപ്പാപ്പാ... അടുത്തവർഷം ഇതേദിവസം ഇതേസമയം വീണ്ടും കാണാം...
തിരുവനന്തപുരത്തെ കനകക്കുന്നിൽ നിന്നും കാമറാമാൻ ചിഞ്ചു ഓടനാവട്ടത്തോടൊപ്പം മഞ്ചു ആര്യവംശം!'
നല്ലൊരു സ്റ്റോറി ചെയ്യാൻ പറ്റിയെന്ന സന്തോഷത്തോടെ മടങ്ങുന്ന ചാനൽ സംഘത്തിനെ, ഇതൊക്കെകണ്ട് അതുവഴി നടന്നുകൊണ്ടിരുന്ന ഞങ്ങൾ കൈകാട്ടി വിളിച്ചു.
''ഇത് ലൈവാണോ?''
അതെ.
'ആൾക്കാർ തൽസമയം കണ്ടുകൊണ്ടിരിക്കുകയാണല്ലോ... നിങ്ങൾ അഭിമുഖം ചെയ്ത ആ പുള്ളിയുടെ വയസ് എത്രയാണെന്ന് തിരക്കിയോ. പ്രേക്ഷകർക്ക് അതറിയണ്ടേ ?''
ശരിയാണല്ലോ എന്നുപറഞ്ഞ് മഞ്ചു ആര്യവംശം പെട്ടെന്നു തിരിഞ്ഞ് സുശീലന്റെ അടുത്തേക്ക് നീങ്ങി. ഒപ്പം കാമറ ചലിപ്പിച്ചുകൊണ്ട് ചിഞ്ചു ഓടനാവട്ടവും.
''അപ്പാപ്പാ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി..... അപ്പാപ്പന് ഏകദേശം എത്ര വയസ്സായി കാണും ? ''
ഉടനെ വന്നു മറുപടി .
''മുപ്പത്തെട്ട് ....... '
ഷോക്കടിച്ചതുപോലെ നിന്ന അഭിനവ മാദ്ധ്യമസംഘത്തോട് സുശീലൻ ചോദിച്ചു.
' ആധാർ കാണണോ ? ''
നീട്ടിപ്പിടിച്ച ആധാർ കാർഡുമായി നിൽക്കുന്ന സുശീലൻ മുളകുവിളയുടെ പരിസരത്തുനിന്നും മഞ്ചു ആര്യവംശവും ചിഞ്ചു ഓടനാവട്ടവും കണ്ടംവഴി ഓടിത്തള്ളുന്ന കാഴ്ചയാണ് പിന്നെ ഞങ്ങൾ കണ്ടത് !
ഫോൺ - 9447055050