reita-faria

അൻപത്തിയാറ് വർഷങ്ങൾക്ക് മുൻപ്, 1966ൽ ലണ്ടനിലെ സൗന്ദര്യ മത്സരവേദിയിൽ 23കാരിയായ ഒരു മഹാരാഷ്ട്രക്കാരി സ്വിം സ്യൂട്ടിൽ റാംപിലൂടെ നടന്ന് ലോകത്തെയാകെ ഞെട്ടിച്ചു. മിസ് വേൾഡ‌് കിരീടം ഏഷ്യയിലേയ്ക്കും ഇന്ത്യയിലേയ്ക്കും ആദ്യമായി എത്തിച്ച റീത്ത ഫാരിയ ആയിരുന്നു അത്. സൗന്ദര്യമത്സര വേദിയിൽ സ്വിം സ്യൂട്ട് അണിഞ്ഞ ആദ്യത്തെ ഇന്ത്യക്കാരി കൂടിയാണ് റീത്ത.

ഒരു ബെറ്റിന്റെ പേരിലാണ് റീത്ത സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നത്. എന്നാൽ സുഹൃത്തുക്കളുടെയിടയിലെ തമാശ റീത്തയുടെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു. വെറും മൂന്ന് പൗണ്ടും (284 രൂപ), പലരിൽ നിന്നായി കടം വാങ്ങിയ വസ്ത്രങ്ങളും ഷൂസുകളുമായി വിമാനം കയറിയ റീത്ത ഒരിക്കലും കരുതിയിരുന്നില്ല തന്റെ രാജ്യത്തിനായി അതിപ്രശസ്തമായ കിരീടം എത്തിക്കാനുള്ള നിയോഗം തനിക്കുണ്ടെന്ന്.

reita-faria

എല്ലാം തുടങ്ങിയത് ഒരു തമാശയിൽ നിന്ന്

1943 ഓഗസ്റ്റ് 23ന് ഗോവ സ്വദേശികളുടെ മകളായി മുംബയിലാണ് റീത്തയുടെ ജനനം. ഒരു മിനറൽ വാട്ടർ കമ്പനിയിലാണ് റീത്തയുടെ പിതാവ് ജോലി ചെയ്തിരുന്നത്. മാതാവ് നഗരത്തിൽ ഒരു സലൂൺ നടത്തിയിരുന്നു. ഡോ‌ക്ടർ ആകണമെന്നായിരുന്നു ചെറുപ്പം മുതൽ റീത്തയുടെ ആഗ്രഹം. മുംബയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ എം ബി ബി എസ് പഠിക്കുന്നതിനിടെ സുഹൃത്തുക്കൾ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ റീത്തയെ വെല്ലുവിളിച്ചു. ഇത് ധൈര്യപൂർവ്വം ഏറ്റെടുത്ത റീത്ത മിസ് ബോംബെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിനായി പേര് നൽകി. അതൊരു തമാശ മാത്രമായിരുന്നെന്ന് റീത്ത പിന്നീട് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു.

അപ്രതീക്ഷിതമെന്നോണം മിസ് ബോംബെയായി റീത്ത തിരഞ്ഞെടുക്കപ്പെട്ടു. എന്നാലത് തുടക്കം മാത്രമായിരുന്നു. പിന്നാലെ 1966ൽ നടന്ന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിലും റീത്ത കിരീടം ചൂടി. മിസ് ബോംബെ മത്സരത്തിൽ 5000 രൂപയും മിസ് ഇന്ത്യ മത്സരത്തിൽ 10,000 രൂപയുമായിരുന്നു റീത്തയ്ക്ക് ലഭിച്ചത്. പിന്നാലെ ലണ്ടനിൽ നടക്കുന്ന ലോകസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ റീത്ത തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് റീത്ത.

പ്രതിസന്ധികൾ

തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനം ലഭിച്ചിട്ടില്ലെന്നും നല്ല വസ്ത്രങ്ങളില്ലെന്നും പാസ്‌പോർട്ട് പോലുമില്ലെന്നും റീത്ത തിരിച്ചറിഞ്ഞത്. തുടർന്ന് സംഘാടകർ പാസ്‌പോർട്ട് ലഭ്യമാക്കുന്നതിനായി നെട്ടോട്ടമായിരുന്നെന്നും റീത്ത വെളിപ്പെടുത്തിയിരുന്നു. എന്താണ് മത്സരത്തിൽ ധരിക്കേണ്ടതെന്ന് റീത്തയ്ക്ക് അറിയില്ലായിരുന്നു. അമ്മ കുറച്ച് വസ്ത്രങ്ങൾ വാങ്ങി. സുഹൃത്തിന്റെ പക്കൽ നിന്നും ഒരു സാരി കടംവാങ്ങി, നടിയായ പെർസിസ് കമ്പാട്ടയിൽ നിന്ന് ഒരു ബാത്തിംഗ് സ്യൂട്ടും സംഘടിപ്പിച്ചു. പെട്ടിനിറയെ കടംവാങ്ങിയ വസ്തുക്കളുമായാണ് റീത്ത വിമാനം കയറിയത്.

എന്നാൽ ബാത്തിംഗ് സ്യൂട്ട് പാകമായില്ലെന്നും പിന്നീട് തന്റെ പക്കൽ ഉണ്ടായിരുന്ന മൂന്ന് പൗണ്ട് ഉപയോഗിച്ച് മറ്റൊരു വസ്ത്രവും ചെരിപ്പും വാങ്ങിയെന്നും റീത്ത പറഞ്ഞിട്ടുണ്ട്. എന്നാൽ മത്സരവേദിയിലെത്തിയതും എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ടതായി റീത്ത ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് മത്സരാർത്ഥികൾ നല്ല പരിശീലനം ലഭിച്ചവരും അനുഭവസമ്പത്തുള്ളവരും ആയിരുന്നു. മാത്രമല്ല അവരുടെ പക്കൽ മികച്ച വസ്ത്രങ്ങളും ചെരിപ്പുകളും ഉണ്ടായിരുന്നെന്നും റീത്ത പറയുന്നു.

reita-faria

ചരിത്രത്തിലേയ്ക്ക്

1966 നവംബർ 17നാണ് 66 മത്സരാർത്ഥികളെ പിന്തള്ളി റീത്ത ഫാരിയ എന്ന 23കാരി മിസ് വേൾഡ് കീരിടം ഇന്ത്യയിലേയ്ക്ക് ആദ്യമായി എത്തിക്കുന്നത്. അഞ്ച് അടി എട്ട് ഇഞ്ച് ഉയരമുള്ള റീത്ത സ്വിം സ്യൂട്ട് ധരിച്ചെത്തി കാണികളെ ഞെട്ടിച്ചു. മാത്രമല്ല ഡോക്ടർ പഠനവും മറ്റുള്ളവരിൽ നിന്ന് റീത്തയെ വ്യത്യസ്തയാക്കി. ലോകസുന്ദരി കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരി മാത്രമല്ല ആദ്യത്തെ ഏഷ്യക്കാരിയും റീത്തയാണ്. ലോകസുന്ദരി പട്ടത്തിന് പുറമേ 'ബെസ്റ്റ് ഇൻ സ്വിം സ്യൂട്ട്', സാരിയിൽ തിളങ്ങി 'ബെസ്റ്റ് ഇൻ ഈവനിംഗ് വെയർ' ടൈറ്റിലുകളും റീത്ത സ്വന്തമാക്കിയിരുന്നു.

reita-faria

ഡോക്ടറായ ആദ്യ ലോകസുന്ദരി

ലോകസുന്ദരി പട്ടം കിരീടം ചൂടിയതിന് പിന്നാലെ റീത്തയെ തേടി അനേകം സിനിമാ- മോഡലിംഗ് ഓഫറുകൾ എത്തിയിരുന്നു. എന്നാൽ അവയ്ക്കെല്ലാം മുകളിലായിരുന്നു ഗൈനക്കോളജിസ്റ്റ് ആകണമെന്ന റീത്തയുടെ സ്വപ്നം. അങ്ങനെ ഡോക്ടറായ ആദ്യത്തെ ലോകസുന്ദരിയായി റീത്ത മാറുകയായിരുന്നു.

എന്നാൽ ഒരു വർഷം മുഴുവൻ മിസ് വേൾഡ് ഫൗണ്ടേഷന്റെ അംബാസഡറായി പ്രവർത്തിക്കേണ്ടി വന്നതിനാൽ റീത്തയ്ക്ക് പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിച്ചില്ല. അക്കാരണത്താൽ റീത്ത ലണ്ടനിലെ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ചേർന്നു. ലോകസുന്ദരി മത്സരത്തിൽ നിന്ന് നേടിയ 2,500 പൗണ്ടും സമ്മാനമായി ലഭിച്ച കുറച്ച് പണവും ലണ്ടനിലെ മെഡിക്കൽ വിദ്യാഭ്യാസത്തിനായാണ് റീത്ത ഉപയോഗിച്ചത്.

1969ൽ ആണ് റീത്തയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിച്ചത്. 1971ൽ തന്റെ ഉപദേഷ്ടാവും എൻഡോക്രൈനോളജിസ്റ്റുമായ ഡേവിഡ് പവലിനെ റീത്ത വിവാഹം കഴിച്ചു. 1973ൽ ഇരുവരും ഡബ്ലിനിലേക്ക് താമസം മാറുകയും അവിടെ മെഡിക്കൽ പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.

1998ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ വിധികർത്താവായിരുന്നു റീത്ത. കൂടാതെ ഏതാനും ചില മിസ് വേൾഡ് മത്സരങ്ങളിൽ വിധികർത്താവായി പങ്കെടുക്കുകയും ചെയ്തിരുന്നു.