
മഴക്കളിയിൽ ഇംഗ്ളണ്ടിനെ അട്ടിമറിച്ച് അയർലാൻഡ്
മെൽബൺ : അപ്രതീക്ഷിതമായെത്തിയ മഴ ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ഇംഗ്ളണ്ടിന് നൽകിയത് എട്ടിന്റെ പണി. മെൽബണിൽ അയർലാൻഡ് ഉയർത്തിയ 158 റൺസ് ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ളണ്ട് 14.3 ഓവറിൽ 105/5ലെത്തിയപ്പോൾ പെയ്ത മഴയാണ് വില്ലനായത്.ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഈ സമയം ഇംഗ്ലണ്ട് ജയിക്കാൻ വേണ്ടതിലും ആവശ്യമായതിലും അഞ്ച് റൺസ് പിറകിലായിരുന്നു. മഴമൂലം മത്സരം തുടരാനാകില്ലെന്ന് ഉറപ്പാക്കിയതോടെ മാച്ച് റഫറി അയർലാൻഡിന്റെ വിജയം പ്രഖ്യാപിക്കുകയായിരുന്നു. അയർലൻഡിന്റെ ലോകകപ്പ് സൂപ്പർ 12 റൗണ്ടിലെ ആദ്യ ജയമാണിത്. ഇംഗ്ലണ്ടിന്റെ ആദ്യ തോൽവിയും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അയർലാൻഡ് 19.2 ഓവറിൽ 157 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. ക്യാപ്ടൻ കൂടിയായ ഓപ്പണർ ആൻഡ്രൂ ബാൽബേണിയുടെ അർധസെഞ്ച്വറിയാണ് അയർലാൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 47 പന്തുകൾ നേരിട്ട ആൻഡ്രൂ, അഞ്ച് ഫോറും രണ്ടു സിക്സും സഹിതം നേടിയത് 62 റൺസ്. വിക്കറ്റ് കീപ്പർ ബാറ്റർ ലോർകൻ ടക്കർ 27 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്തു.
ഒരു ഘട്ടത്തിൽ 11.5 ഓവറിൽ 103/1എന്ന നിലയിലായിരുന്ന അയർലാൻഡ് കൂറ്റൻ സ്കോർ കുറിക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിൽ ഇംഗ്ലിഷ് ബൗളർമാർ 157 റൺസിൽ ഒതുക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ലിയാം ലിവിംഗ്സ്റ്റൺ മൂന്ന് ഓവറിൽ 17 റൺസ് വഴങ്ങിയും മാർക്ക് വുഡ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സാം കറാൻ മൂന്ന് ഓവറിൽ 31 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഡേവിഡ് മലാൻ (37 പന്തിൽ 35), മൊയീൻ അലി (12 പന്തിൽ പുറത്താകാതെ 24), ഹാരി ബ്രൂക് (21 പന്തിൽ 18) എന്നിവരാണ് തിളങ്ങിയത്. ക്യാപ്ടൻ കൂടിയായ ഓപ്പണർ ജോസ് ബട്‍ലർ (0), അലക്സ് ഹെയ്‍ൽസ് (7), ബെൻ സ്റ്റോക്സ് (6) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് തിരിച്ചടിയായി. ലിവിംഗ്സ്റ്റൺ ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
മഴ തടസപ്പെടുത്തും മുൻപേ 15–ാം ഓവറിൽ ഗാരത് ഡെലാനിക്കെതിരെ മൊയീൻ അലി മൂന്നു പന്തിൽ 12 റൺസ് നേടിയിരുന്നു. ഒരു സിക്സും ഫോറും സഹിതമായിരുന്നു ഇത്. ഈ മൂന്നു പന്തുകൾ എറിഞ്ഞതിനു പിന്നാലെ മഴയെത്തിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. മൂന്ന് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത ജോഷ്വ ലിറ്റിലാണ് അയർലൻഡിനായി തിളങ്ങിയത്. ബാരി മക്കാർത്തി, ഫിൻ ഹാൻഡ്, ജോർഡ് ഡോക്‌റെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
വെള്ളിയാഴ്ച ആസ്ട്രേലിയയ്ക്ക് എതിരെയാണ് ഇംഗ്ളണ്ടിന്റെ അടുത്ത മത്സരം. അയർലാൻഡ് അന്ന് അഫ്ഗാനിസ്ഥാനെ നേരിടും.സൂപ്പർ 12 റൗണ്ടിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള ഇംഗ്ളണ്ട് ഒന്നാം ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തും അയർലാൻഡ് നാലാം സ്ഥാനത്തുമാണ്.
നേരത്തെ ഇന്ത്യയില്‍ നടന്ന 2011 ഏകദിന ലോകകപ്പിലും അയര്‍ലന്‍ഡ് ഇംഗ്ലണ്ടിനെ അട്ടിമറിച്ചിരുന്നു. അന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ ജയം.