
അമിതഭാരം ഉള്ളവരോട് ഡോക്ടർമാർ പറയുന്ന കാര്യമാണ് പതിവ് നടത്തം. കലോറി എരിച്ചു കളയാൻ എന്നും നടക്കുന്നത് ഉത്തമമാണ്. രാവിലയോ വെെകീട്ടോ വണ്ണം കുറയ്ക്കാൻ പതിവായി നടക്കുന്നവർ നിരവധിയാണ്. എന്നാൽ എത്ര നടന്നിട്ടും വണ്ണം കുറയുന്നില്ലെന്ന് തോന്നുന്നുണ്ടോ? മറ്റ് വ്യായാമങ്ങളെ അപേക്ഷിച്ച് നടത്തം എരിച്ചു കളയുന്ന കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരിയായ രീതിയിലെ നടത്തം മാത്രമേ കലോറി കുറയ്ക്കുകയുള്ളു.
ദിവസവും 10,000 അടിയെങ്കിലും സാമാന്യം വേഗതയിലും ശക്തിയിലും നടക്കണം. ഇത് പ്രമേഹം,ബി പി, അമിതവണ്ണം, ഉദരസംബന്ധമായ പ്രശ്നങ്ങൾ, ഉറക്ക പ്രശ്നങ്ങൾ എന്നിവയെല്ലാം അകറ്റാൻ സഹായിക്കുന്നു. പതിയെ ഏറെ ദുരം നടക്കുന്നത് കൊണ്ട് ഫലമെന്നുമില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു. 30 മിനിട്ട് നല്ല രീതിയിൽ നടക്കുമ്പോൾ ഒരാളിൽ നിന്ന് 150 കലോറിയാണ് എരിച്ചു കളയാൻ സാധിക്കുന്നത്. അതിരാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള നടപ്പ് വളരെ നല്ലതാണ്. ഈ സമയത്ത് ശരീരത്തിൽ കലോറി കുറവായിരിക്കും. അപ്പോൾ നടക്കുന്നത് കൊഴുപ്പ് കത്തിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ വർദ്ധിപ്പിക്കുന്നു. കെെ നന്നായി വീശി നടക്കുന്നത് ശരീരത്തിന് മികച്ച വ്യായാമമാണ്. ഇത് അഞ്ച് ശതമാനം മുതൽ പത്ത് ശതമാനം വരെ അമിത കലോറി കത്തിക്കുന്നു.
നടപ്പ് ശരീരാരോഗ്യത്തിന് വേണ്ടി മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലും മുഖ്യ പങ്ക് വഹിക്കുന്നു. സമ്മർദ്ദം,ഉത്കണ്ഠ,വിഷാദരോഗം തുടങ്ങിയവ ഒരു പരിധി വരെ അകറ്റാൻ ഇതിന് കഴിയുന്നു.