
ഇന്ന് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ നടത്തിയ ആവശ്യം ഏവരേയും ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ഇന്ത്യൻ കറൻസികളിൽ ഹിന്ദു ദൈവങ്ങളായ ലക്ഷ്മി ദേവിയുടേയും, ഗണപതിയുടെയും ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹിന്ദുക്കളുടെ ആശയങ്ങൾ എന്നും ഉയർത്തി വോട്ട് നേടിയ ബി ജെ പിക്കോ, അവർക്ക് ചാമരം വീശുന്ന സംഘപരിവാർ സംഘടനകൾക്കോ തോന്നാത്ത ആശയമാണ് അരവിന്ദ് കേജ്രിവാളിന്റെ നാവിൽ നിന്നും വീണത്. വളരെക്കാലം മുൻപ് ആം ആദ്മിയെ ബി ജെ പിയുടെ ബി ടീമാണെന്ന് വിമർശിക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്നതായി ഇന്നത്തെ കേജ്രിവാളിന്റെ പ്രസ്താവന.
മൃദു ഹിന്ദുത്വത്തിൽ നിന്നും തീവ്ര ഹിന്ദുത്വത്തിലേക്ക്
ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ വേരുറച്ചത് അണ്ണാഹസാരെ നയിച്ച അഴിമതി വിരുദ്ധസമരത്തിൽ നിന്നുമാണ്. പിന്നീട് അണ്ണാഹസാരയുമായി വഴി പിരിഞ്ഞെങ്കിലും അഴിമതിയ്‌ക്കെതിരെ ഉറച്ച നിലപാടുകൾ പിന്തുടർന്നതാണ് ഡൽഹി മണ്ണിൽ അധികാരം പിടിച്ചെടുക്കാൻ ആം ആദ്മിയെ സഹായിച്ചത്. അഴിമതിയെ തൂത്തെറിയുന്നതിനായി ചൂലെടുക്കാൻ ആഹ്വാനം ചെയ്ത ആം ആദ്മി ഡൽഹിയിൽ ഭരണം നേടിയ ശേഷമാണ് തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തി തുടങ്ങിയത്.
സൗജന്യങ്ങൾ
ഭരിക്കപ്പെടുന്ന ജനങ്ങൾക്ക് ആവോളം സൗജന്യങ്ങൾ വാരിക്കോരി നൽകും എന്നത് വാഗ്ദ്ധാനത്തിൽ മാത്രമല്ല പ്രവർത്തിയിലും നടപ്പിലാക്കാൻ ആം ആദ്മിക്കായി. ഇതാണ് ഡൽഹിക്ക് പുറത്തും വേരുറപ്പിക്കാൻ ആംആദ്മിയെ സഹായിച്ചത്. ഡൽഹിയിൽ അധികാരമേറ്റതിന് തൊട്ട് പിന്നാലെ ദേശീയ രാഷ്ട്രീയത്തിൽ അഴിമതി വിരുദ്ധ മുഖവുമായി രംഗപ്രവേശനത്തിന് ആം ആദ്മി ഒരുങ്ങിയെങ്കിലും മൂക്കിടിച്ച് വീഴാനായിരുന്നു യോഗം. തൊട്ടുപിന്നാലെ തങ്ങൾ ഡൽഹിയിൽ മാത്രം അധികാരം പിടിക്കുന്നതിൽ കേന്ദ്രീകരിക്കുന്നു എന്ന പ്രതീതി ആം ആദ്മി സൃഷ്ടിച്ചു. ഈ നയംമാറ്റത്തിൽ കേന്ദ്ര സർക്കാരുമായുള്ള പോര് ഡൽഹി ലഫ്റ്റനന്റ് ഗവർണറിൽ തട്ടി നിൽക്കുകയും ചെയ്തു.
മൃദുഹിന്ദുത്വം
ആം ആദ്മിക്ക് എപ്പോഴും കീഴ്‌പ്പെടുത്താനുള്ള മികച്ച ഇര കോൺഗ്രസായിരുന്നു. ഡൽഹിയിലും, പഞ്ചാബിലും ദുർബലരായ കോൺഗ്രസ് സർക്കാരുകളെ അട്ടിമറിച്ചാണ് തിരഞ്ഞെടുപ്പിൽ ആം ആദ്മി ജയിച്ചു വന്നത്. 2020ലാണ് ആംആദ്മി മൃദു ഹിന്ദുത്വത്തിന്റെ മേലങ്കി അണിയുന്നത്. ആം ആദ്മി പാർട്ടിയുടെ തലവനായ അരവിന്ദ് കെജ്രിവാൾ സ്വയം 'ഹനുമാൻ ഭക്തൻ' ആയി പ്രഖ്യാപിച്ചു. എന്നാൽ ഇത് ബി ജെ പിയെ നേരിടുന്നതിനായിരുന്നില്ല. കോൺഗ്രസിന്റെ 'മൃദു ഹിന്ദുത്വ'നിലപാടുകളെ അതേനാണയത്തിൽ നേരിടുന്നതിന് വേണ്ടിയായിരുന്നു. ഈ നാളുകളിൽ ബി ജെ പിയുടെ മറ്റൊരു മുഖമുദ്രയായ ദേശീയതയും മുറുകെ പിടിക്കാൻ ആം ആദ്മി ശ്രമിച്ചു.
2020കാലഘട്ടങ്ങളിൽ ആം ആദ്മി ബി ജെ പിയുമായി നേരിട്ട് പോരടിക്കുന്നതിൽ നിന്നും കൃത്യമായ അകലം പാലിച്ചിരുന്നു. അക്കാലത്ത് ഏറെ ചർച്ചയായ ജമ്മു കാശ്മീരിലെ ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിലും, പൗരത്വ ഭേദഗതി ബില്ലിലും ആം ആദ്മിയുടെ നിലപാട് ഏറെ ചർച്ചയായില്ല. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ തെരുവുകളെ ബഹളത്തിൽ മുക്കിയപ്പോഴും ആം ആദ്മി വിട്ടുനിൽക്കുകയായിരുന്നു.
തീവ്ര നിലപാടുകളിലേക്ക്
ഗോവ തിരഞ്ഞെടുപ്പിലേക്ക് രാജ്യം കടന്നപ്പോഴാണ് ഡൽഹിയിലെ ആം ആദ്മി സർക്കാരിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. ദീപാവലിയോട് അനുബന്ധിച്ച് ഡൽഹി സർക്കാർ അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന്റെ താൽക്കാലിക മാതൃക നിർമ്മിക്കുകയും പൂജനടത്തുകയും ചെയ്തു. ഇതിലും വലിയ തീരുമാനങ്ങളാണ് കേജ്രിവാൾ ഗോവയിൽ എടുത്തത്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ ഗോവക്കാരെ അവരുടെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സൗജന്യ മത തീർത്ഥാടനത്തിന് അയക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു ഇതിലൊന്ന്.

എന്നാൽ പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെതിരെ പടനയിക്കാൻ കേജ്രിവാളിന് താരമ്യേന ബുദ്ധിമുട്ടേണ്ടി വന്നില്ല. ഡൽഹിയുമായി വളരെ ദൂരത്തല്ലാതെ സ്ഥിതിചെയ്യുന്ന പഞ്ചാബിൽ ആം ആദ്മിക്ക് അനുകൂലമായ തരംഗമായിരുന്നു. ഭരണവിരുദ്ധ തരംഗം കോൺഗ്രസിനും, കാർഷിക സമരം ബി ജെ പിക്കും ദോഷകരമായി ഭവിച്ചപ്പോൾ സൗജന്യ വാഗ്ദ്ധാനങ്ങളിലൂടെ ആം ആദ്മി പഞ്ചാബ് പിടിച്ചെടുത്തു. നൽകിയ വാഗ്ദ്ധാനങ്ങളിൽ സൗജന്യ വൈദ്യുതിയടക്കം നൽകി വാക്ക് പാലിക്കാനും ഭഗവന്ത് മാൻ നയിക്കുന്ന ആം ആദ്മി സർക്കാരിന് കഴിയുന്നുണ്ട്.
കണ്ണ് ഗുജറാത്തിലും ഹിമാചലിലും ?
ഇപ്പോൾ ആം ആദ്മി തലവന്റെ നോട്ടിൽ ദൈവങ്ങളെ ചേർക്കണമെന്ന ആവശ്യം അടുത്ത് സംഭവിക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ടുകൊണ്ടാണെന്ന് കരുതുന്നവരാണ് ഏറെ, എന്നാൽ ഇതിനെക്കാളപ്പുറം യു പി ഉൾപ്പടെയുള്ള ഹിന്ദി ബെൽറ്റിൽ പ്രകമ്പനം സൃഷ്ടിക്കുക എന്ന ഉദ്ദേശമാണ് ആം ആദ്മിക്കുള്ളത്. വികസന രാഷ്ട്രീയത്തിനെക്കാളും ജാതിയും മതവും നൂറ് മേനി വച്ചുനീട്ടുന്ന മണ്ണിൽ വിത്തിറക്കാൻ ഒരുങ്ങുകയാണ് ആം ആദ്മി എന്ന സൂചനയാണ് നോട്ട് വിവാദത്തിലൂടെ മുഴച്ച് നിൽക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കാൻ ആം ആദ്മി തയ്യാറായിരിക്കുന്നു.
ബി ജെ പിയുടെ പ്രതിരോധം
ആംആദ്മിയുടെ തേരോട്ടം ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലോ, ഹിമാചൽ പ്രദേശ് പോലുള്ള ചെറു സംസ്ഥാനങ്ങളിലോ മാത്രം ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഇത്രയും നാൾ രാഷ്ട്രീയ നിരീക്ഷകർ പങ്കുവച്ചിരുന്നത്.
സൗജന്യ വാഗ്ദ്ധാനങ്ങളിലൂടെ ആം ആദ്മി പാർട്ടി തങ്ങളുടെ കോട്ടകൾ കീഴടക്കാൻ ശ്രമിക്കുമോ എന്ന ഭയമാണ് ബി ജെ പിക്കുണ്ടായിരുന്നത്. ഇതിനാലാണ് അടുത്തിടെയായി രാഷ്ട്രീയ പാർട്ടികളുടെ സൗജന്യ വാഗ്ദ്ധാനങ്ങൾ ശരിയോ എന്ന വിഷയത്തിൽ രാജ്യവ്യാപകമായി ചർച്ചകൾ ഉയർന്നിട്ടുള്ളത്. സാമ്പത്തിക വിദഗ്ദ്ധരും, ബുദ്ധിജീവികളും ഈ വിഷയം ചർച്ച ചെയ്യാൻ ആരംഭിച്ചത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില സൗജന്യ വാഗ്ദ്ധാനങ്ങൾ പരുങ്ങലിലാക്കും എന്നതാണ് ഈ ചർച്ചയുടെ മൂലകേന്ദ്രം. എന്നാൽ തീവ്ര ഹിന്ദുത്വ നിലപാടുകളിലൂടെ ബി ജെ പിയെ അന്ധാളിപ്പിക്കാൻ ആം ആദ്മിക്ക് വരും ദിവസങ്ങളിൽ ഒരു പക്ഷേ കഴിഞ്ഞേക്കും, അതിന്റെ ഒരു തുടക്കം മാത്രമാവും ഇന്ന് കേജ്രരിവാളിന്റെ നാവിൽ നിന്നും നാം കേട്ടത്.
തീവ്രഹൈന്ദവ, പ്രാദേശിക വാദം ഉയർത്തിയിരുന്ന ശിവസേനപോലും കോൺഗ്രസുമായി കൂടി മെരുങ്ങിയപ്പോൾ, ഹിന്ദുത്വത്തിന്റെ ഏക അവകാശപട്ടം പേറുന്ന ബി ജെ പിക്ക് ഒത്ത എതിരാളിയായി ഭാവിയിൽ ആം ആദ്മി ഉയർന്ന് വന്നാലും അദ്ഭുതപ്പെടാനില്ല എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഇന്നത്തെ കേജ്രിവാളിന്റെ പ്രസ്താവന.

ഇന്ന് കേജ്രിവാൾ പറഞ്ഞത്
ഇന്ത്യയുടെ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളായ ഗണപതി, ലക്ഷ്മീ ദേവി എന്നിവരുടെ ചിത്രങ്ങൾ പതിച്ചാൽ രാജ്യത്തിന് ഐശ്വര്യം വരുമെന്നാണ് ആം ആദ്മി നേതാവിന്റെ വിചിത്ര കണ്ടുപിടുത്തം. ഈ ചിത്രങ്ങൾ നോട്ടുകളിൽ ഉൾപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടുകയും ചെയ്തു. കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോ പതിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'ദൈവങ്ങൾ കറൻസി നോട്ടുകളിലാണെങ്കിൽ, രാജ്യം മുഴുവൻ അവരുടെ അനുഗ്രഹം നേടും. ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണ്, ഗണേശൻ തടസങ്ങൾ അകറ്റുന്ന ദൈവമാണ്,' കേജ്രിവാൾ ട്വീറ്റ് ചെയ്തു. രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണ്, ഇപ്പോഴത്തെ അവസ്ഥയിൽ നിന്നും കരകയറുന്നതിനായി നിരവധി നടപടികളുണ്ട്. എന്നാൽ ചിലതെല്ലാം ചെയ്താലും ചിലപ്പോൾ നല്ല ഫലം ഉണ്ടാകില്ലെന്നും ദൈവാനുഗ്രഹം വേണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസുകാർ തങ്ങളുടെ ജോലിസ്ഥലത്ത് രണ്ട് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ സൂക്ഷിക്കുകയും എല്ലാദിവസവും ജോലി ആരംഭിക്കുന്നതിന് മുമ്പ് പൂജ നടത്തുകയും ചെയ്യാറുണ്ടെന്നും, അതുപോലെ ദൈവങ്ങളുടെ ഫോട്ടോകൾ കറൻസി നോട്ടുകളിൽ പതിപ്പിച്ചാൽ, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങൾ ഫലം കാണുമെന്ന് ഉറപ്പാക്കാനാവുമെന്നും ഡൽഹി മുഖ്യമന്ത്രി പറയുന്നു.
പുതിയ കറൻസികളുടെ ഒരു വശത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടേയും ചിത്രങ്ങൾ വേണമെന്നാണ് അരവിന്ദ് കേജ്രിവാൾ ആഗ്രഹിക്കുന്നത്. ഇങ്ങനെ കറൻസി നോട്ടുകളിൽ രണ്ട് ദൈവങ്ങളുടെ ചിത്രങ്ങൾ ഉള്ളത് രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താൻ സഹായിക്കും.
ഇനിമുതൽ എല്ലാ മാസവും പുറത്തിറക്കുന്ന പുതിയ കറൻസികളിൽ ദൈവങ്ങളുടെ ഫോട്ടോകൾ ചേർക്കാമെന്നും, എന്നാൽ നിലവിലെ കറൻസി നോട്ടുകൾ പിൻവലിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ക്രമേണ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് ഇന്തോനേഷ്യയെ മാതൃകയാക്കാമെന്നും ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെ ഹിന്ദുക്കളുള്ളു എങ്കിലും അവരുടെ കറൻസി നോട്ടുകളിൽ ഗണപതിയുടെ ചിത്രമുണ്ടെന്നും കേജ്രിവാൾ അഭിപ്രായപ്പെട്ടു.

ഇന്തോനേഷ്യയിലെ ഗണപതി നോട്ട്
. ഹിന്ദു ദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തിയ ഇന്തോനേഷ്യൻ കറൻസിയെ ഉദാഹരണമാക്കിയാണ് ഡൽഹി മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. ജനസംഖ്യയിൽ കേവലം രണ്ട് ശതമാനം മാത്രം ഹിന്ദുക്കളുള്ള മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുള്ള കാര്യമാണ് കേജ്രിവാൾ ഉദ്ധരിച്ചത്. എന്നാൽ ശരിക്കും ഇന്തോനേഷ്യൻ കറൻസിയിൽ ഗണപതിയുടെ ചിത്രമുണ്ടോ ? നമുക്ക് പരിശോധിക്കാം.
ഇപ്പോൾ മുസ്ലിം ഭൂരിപക്ഷ രാജ്യമാണെങ്കിലും ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങൾ ഒന്നാം നൂറ്റാണ്ട് മുതൽ ഹിന്ദുമതത്തിന്റെ സ്വാധീനത്തിലായിരുന്നു. ഇന്ത്യൻ പുരാണങ്ങളായ മഹാഭാരതത്തിനും രാമായണത്തിനും ഇപ്പോഴും അതീവ പ്രാധാന്യം കൽപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. അതിനാൽ തന്നെ ഹിന്ദു പുരാണ കഥകളും, ഹൈന്ദവ ദൈവങ്ങളും ഇവിടെ സ്വാധീനം ചെലുത്തുന്നു എന്നത് സത്യമാണ്. ഇന്തോനേഷ്യൻ കറൻസി നോട്ടിൽ ഗണപതിയുണ്ടെന്ന വാദവും ശരിയാണ്. ഇന്തോനേഷ്യ റുപായ് എന്നറിയപ്പെടുന്ന കറൻസിയുടെ 20000 രൂപാ നോട്ടുകളിലാണ് ഹൈന്ദവ ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്.
കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ള ഈ ലോകത്തെ ഒരേയൊരു രാജ്യം ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായ കി ഹജർ ദേവന്തരയുടെ ചിത്രത്തിന് സമീപമായിട്ട് ഇടതു വശത്താണ് ഗണപതിയുടെ ചെറു ചിത്രം ചേർത്തിരിക്കുന്നത്. നോട്ടിന്റെ പിൻഭാഗത്ത് കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറിയുടെ ചിത്രവുമുണ്ട്.
ഇന്തോനേഷ്യയിലെ ജനസംഖ്യയുടെ 87.2 ശതമാനം മുസ്ലീങ്ങളാണ്. എന്നാൽ തങ്ങളുടെ ചരിത്രവും സംസ്‌കാരവും ഇന്നും അവർ പിന്തുടരുന്നു, അതിന്റെ അടയാളങ്ങൾ വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ടിട്ടുള്ള മറ്റ് അടയാളങ്ങളും ഇവർ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. ജക്കാർത്ത സ്‌ക്വയറിലെ അർജുന വിജയ പ്രതിമ മറ്റൊരു ഉദാഹരണമാണ്. ഹിന്ദു ദൈവമായ ഹനുമാനാണ് ഇന്തോനേഷ്യയുടെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നം. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായ ബാൻഡംഗ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ലോഗോയും ഗണപതിയാണ്.