sleeping

ഒരാളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് ഉറക്കം. നമ്മുടെ ശാരീരിക - മാനസിക ആരോഗ്യത്തിന് ഉറക്കം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ദെെനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും. ഒരാൾ മിനിമം ഏഴ് മണിക്കൂർ ഉറങ്ങണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അമ്പതാം വയസിൽ മാറാരോഗങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങൾ. ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

ഹൃദ്‌രോഗം, അർബുദം, പ്രമേഹം, പക്ഷാഘാതം, ആർത്രെെറ്റിസ്‌ തുടങ്ങിയ പ്രശ്നങ്ങൾ ശരിയായി ഉറങ്ങാത്തവർക്ക് ഭാവിയിൽ ഉണ്ടാകാൻ 20 ശതമാനം സാദ്ധ്യതയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. 50 വയസിനുമുകളിൽ പ്രായമുള്ളവ‌ർ അഞ്ച് മണിക്കൂറിൽ താഴെ പ്രതിദിനം ഉറങ്ങുന്നത് മാറാരോഗങ്ങൾക്കുള്ള സാധ്യത 30 ശതമാനം മുതൽ 40 ശതമാനം വരെ വർദ്ധിപ്പിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ഉറക്കക്കുറവ് വിട്ടുമാറാത്ത രോഗങ്ങൾക്കും അകാലമരണത്തിനും സാധ്യത വർദ്ധിപ്പിക്കുന്നു. ഒമ്പത് മണിക്കൂറോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ഉറക്കം ആരോഗ്യത്തെ ബാധിക്കുമോ എന്നതിലും ഗവേഷകർ പഠനം നടത്തി. എന്നാൽ ഇത് സംബന്ധിച്ച് കൃത്യയമായ തെളിവുകൾ ലഭിച്ചിട്ടില്ല.

ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകനായ സെവറീൻ സാബിയ പ്രതിദിനം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് പറയുന്നു. ശരിയായ ഉറക്കം കിട്ടുന്നില്ലെങ്കിലും പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടലും ഡോക്ടറെ കാണുന്നത് നല്ലതാണെന്ന് അമേരിക്കൻ അക്കാഡമി ഒഫ് സ്ലീപ് നിർദ്ദേശിക്കുന്നു.