
തൃശൂർ: കെ എസ് ആർ ടി സി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച യുവാവിനെ യാത്രക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കാട്ടകാമ്പാൽ ചിറയൻകോട് നടുവിൽപ്പാട്ട് വീട്ടിൽ അതുൽ (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.
തൃശൂരിൽ നിന്ന് കുന്നംകുളത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിലായിരുന്നു സംഭവം. യുവാവ് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതോടെ പെൺകുട്ടി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെ യാത്രക്കാർ ഇടപെടുകയും അതുലിനെ പിടികൂടുകയും ചെയ്തു.
തുടർന്ന് ബസ് കുന്നംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. എസ് എച്ച് ഒ യു കെ ഷാജഹാനാണ് അതുലിനെ അറസ്റ്റ് ചെയ്‌തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.