ksrtc

തിരുവനന്തപുരം: ആനവണ്ടിയിൽ ആഘോഷമാക്കി കൊല്ലത്തുനിന്നൊരു വിവാഹയാത്ര. കൊല്ലം ഇടവട്ടം കരുവേലിൽ ഹേമന്ത് രാജിന്റെയും കോട്ടയം സ്വദേശി കാവ്യയുടെയും വിവാഹത്തിന് ആളുകൾ എത്തിയത് പത്ത് കെഎസ്ആർടിസി ലോഫ്‌ളോർ ബസിൽ. ചങ്ങനാശേരിയിലെ റിസോർട്ടിലായിരുന്നു വിവാഹം. കൊല്ലത്തുനിന്ന് റിസോർട്ടുവരെയായിരുന്നു സർവീസ്. വരന്റെ ബന്ധുക്കൾ ഏഴും വധുവിന്റെ ബന്ധുക്കൾ മൂന്നും ബസ് ബുക്ക് ചെയ്തു. കണ്ടക്ടർ ഇല്ലാതെയായിരുന്നു സർവീസ്. 110 കിലോമീറ്റർ ഓടിയെങ്കിലും ബസ് ഒന്നിന് നൽകേണ്ടിവന്നത് 18,000 രൂപ.


തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ് ബസുകൾ സജ്ജീകരിച്ച് നൽകിയത്. ഇതിലൂടെ കെ എസ് ആർ ടി സി ക്ക് 1.80 ലക്ഷം രൂപ ലഭിച്ചു.
സ്‌കൂളുകൾക്കും കോളേജുകൾക്കും കല്യാണത്തിനുമായി ഈമാസം ആറുമു തൽ 23 വരെ സ്‌കാനിയ അടക്കം 63 ബസാണ് സെൻട്രൽ ഡിപ്പോ നൽകിയത്. ഇതിലൂടെ 18 ലക്ഷം രൂപ വരുമാനം ലഭിച്ചു. ദീർഘദൂര സർവീസുകൾ വെളുപ്പിന് തമ്പാനൂർ എത്തിയാൽ രാത്രി മാത്രമാണ് പിന്നീട് സർവീസിന് എടുക്കുന്നത്. ഇത്തരം ബസുകളെ റാമ്പിൽ കയറ്റി കഴുകി വൃത്തിയാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്.