mv-govindan

തിരുവനന്തപുരം: ഗവർണറുടെ നിലപാടുകൾക്ക് ഒരു തരത്തിലും സർക്കാർ വഴങ്ങില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമപരമായി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഒരു സാദ്ധ്യതയും വിട്ടുകളയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഗവർണറുടെ വ്യക്തിപരമായ പ്രീതിക്ക് പ്രസക്തിയില്ല. മുഖ്യമന്ത്രിയുടെ നിലപാടാണ് പ്രധാനം. മുഖ്യമന്ത്രിയും മന്ത്രിസഭയും എടുക്കുന്ന നിലപാടാണ് ഗവർണർക്ക് ബാധകം. സുപ്രീംകോടതി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസ് -ബിജെപി പ്രീതിയാണ് ഗവർണർ നോക്കുന്നതെന്നും കേരളത്തിൽ അവർക്ക് അനുകൂലമായി കാര്യങ്ങൾ എങ്ങനെ മാറ്റാമെന്നാണ് ഗവർണർ നോക്കുന്നതെന്നും ഗോവിന്ദൻ പ്രതികരിച്ചു.

കേരളം നിർമ്മിച്ച നിയമത്തിന്റെ ആനുകൂല്യത്തിലാണ് ഗവർണർ ചാൻസിലർ പദവിയിൽ ഇരിക്കന്നത് എന്നോർക്കണം. ഗവർണറെ ചാൻസിലറാക്കണമെന്ന് ഒരു യുജിസിയും പറയുന്നില്ല. യാതൊരു വിധ ഒത്തുതീർപ്പിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ നേതാവ് ചായക്കോപ്പയിലെ കൊടുങ്കാറ്റെന്നും ഒത്തുകളിയെന്നും പറയുന്നത് ഗൗരവമായി പരിശോധിക്കണം. നിസാരവത്കരിക്കുന്നത് അടവാണ്. അത് ഗവർണറുമായുള്ള ബന്ധത്തിന് തെളിവാണെന്നും ഉന്നത കോൺഗ്രസ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാട് തിരുത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.