
ചെന്നൈ: വാടക ഗർഭധാരണ വിഷയത്തിൽ താരദമ്പതികളായ നയൻതാരയും വിഘ്‌നേശ് ശിവനും കുറ്റക്കാരല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരും 2016ൽ വിവാഹിതരായതിന്റെ രേഖകൾ വ്യാജമല്ലെന്ന് അന്വേഷണസംഘത്തിന് ബോദ്ധ്യപ്പെട്ടു. ഇരുവരും വാടക ഗർഭധാരണത്തിന് കാത്തിരിക്കേണ്ട കാലയളവ് കഴിഞ്ഞതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇരുവരും കൃത്രിമ ഗർഭധാരണ നടപടിക്രമങ്ങൾ സ്വീകരിച്ച സ്വകാര്യ ആശുപത്രി ഇതിന്റെ ചികിത്സാ രേഖകൾ സൂക്ഷിച്ചിരുന്നില്ലെന്നും ഐസിഎംആറിന്റെ ചട്ടങ്ങൾ ലംഘിച്ചെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി. തുടർന്ന് ആശുപത്രി അടച്ചുപൂട്ടാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയ്‌ക്ക് നോട്ടീസ് നൽകി.
വാടക ഗർഭധാരണ വിഷയമുണ്ടായയുടൻ ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തെവച്ച് അന്വേഷിക്കുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ അറിയിച്ചിരുന്നു. രണ്ട് ശിശുരോഗവിദഗ്ദ്ധരുടെ നേതൃത്വത്തിലെ സംഘത്തിന്റെ അന്വേഷണത്തിൽ നയൻതാരയും വിഘ്‌നേഷും 2016 മാർച്ച് 11ന് വിവാഹിതരായെന്ന് കണ്ടെത്തി. ഈ വർഷം ജൂൺ ഒൻപതിന് മഹാബലിപുരത്തുവച്ച് നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹ ചടങ്ങ് നടന്നിരുന്നു.ഒക്‌ടോബർ ഒൻപതിന് ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുട്ടികൾ ജനിച്ചു. നയൻതാരയുടെ കുടുംബ ഡോക്‌ടർ വിദേശത്തായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.